ലോക സൈക്കിളിങ് ചാമ്പ്യന്‍ഷിപ്പിന് രാജ്യം ഒരുങ്ങുന്നു

05:04 am 20/09/2016
download
ദോഹ: യു.സി.ഐ ലോക സൈക്കിളിങ് ചാമ്പ്യന്‍ഷിപ്പ് സ്വന്തം തട്ടകത്തിലായത് രാജ്യത്തെ സൈക്ളിങ് താരങ്ങള്‍ക്ക് ഗുണകരമാകുമെന്ന് കരുതുന്നതായി ഖത്തര്‍ ദേശീയ സൈക്ളിങ് കോച്ച് താരീഖ് ഇസ്മായില്‍ അഭിപ്രായപ്പെട്ടു.
‘യൂനിയന്‍ സൈക്ളിസ്റ്റേ ഇന്‍റര്‍നാഷനലെ (യു.സി.ഐ) – റെയിന്‍ബോ ജെയ്സി’ക്കായുള്ള ലോക ചാമ്പ്യനെ കണ്ടത്തെുന്ന മല്‍സരമാണ് വരുന്ന ഒക്ടോബര്‍ ഒമ്പതു മുതല്‍ 16 വരെ ദോഹയില്‍ നടക്കുക. നാട്ടുകാരായ കാണികളുടെ പിന്തുണ തങ്ങള്‍ക്ക് പുതു ഊര്‍ജ്ജം പകരുമെന്നാണ് വിവിധ ഇനങ്ങളിലായി മത്സരിക്കുന്ന താരങ്ങളുടെയും അഭിപ്രായം. ദേശീയ താരം അഹമ്മദ് എല്‍ബര്‍ദൈനി (എലൈറ്റ് മെന്‍സ് വ്യക്തിഗത ടൈം ട്രെയല്‍ റേസ്), ഫര്‍ഹാന്‍ ഫര്‍സി, ജാസിം അല്‍ ജാബ്രി (ജൂനിയര്‍ വ്യക്തിഗത ടൈം ട്രയല്‍) എന്നിവരാണ് ലോക സൈക്ളിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഖത്തര്‍ താരങ്ങള്‍.
95 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇത്തരമൊരു ചാമ്പ്യന്‍ഷിപ്പ് ഒരു അറബ് രാജ്യത്തത്തെുന്നത്. ഒരാഴ്ച നീളുന്ന മല്‍സരങ്ങളില്‍ വ്യക്തിഗത ടൈം ട്രെയല്‍സ്, ടീം ട്രയല്‍, റോഡ് റേസ് ജൂനിയര്‍, അണ്ടര്‍ 23, കൂടാതെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായുള്ള ദീര്‍ഘദൂര റേസുമുണ്ടാകും.
വ്യക്തിഗത മത്സരത്തില്‍ പങ്കെടുക്കുന്ന ദേശീയ താരം അഹമ്മദ് എല്‍ബര്‍ദൈനിയും കൂട്ടരും ഇപ്പോള്‍ ഇറ്റലിയില്‍ വിദഗ്ധ പരിശീലനത്തിലാണ്. ഒക്ടോബര്‍ 12നാണ് താരം മത്സരത്തിനായി ഇറങ്ങുക. സ്വപ്ന സാക്ഷാത്കാരത്തിന് നാട്ടുകാരുടെ പിന്തുണ മുതല്‍ക്കൂട്ടാകുമെന്നാണ് ഇദ്ദേഹത്തിന്‍െറ പ്രതീക്ഷ. 2014ല്‍ സ്പെയിനിലെ പോന്‍ഫെറാദ, 2015 റിച്ച്മോണ്ട് യു.എസ്.എ റേസിലും പങ്കെടുത്ത അനുഭവ സമ്പത്തും താരത്തിനുണ്ട്.
2000ത്തിന്‍െറ തുടക്കത്തിലാണ് സൈക്ളിങിന് ഖത്തറില്‍ പ്രചാരം വര്‍ധിച്ചതെന്ന് ഖത്തറിന്‍െറ ആദ്യകാല അന്തര്‍ ദേശീയ താരവും കൂടിയായ കോച്ച് ഇസ്മായില്‍ പറഞ്ഞു. 2001ലാണ് ഖത്തര്‍ സൈക്ളിങ് ഫെഡറേഷന് രൂപം നല്‍കുന്നത്. ഖത്തര്‍ ആംഡ് ഫോഴ്സസ് സൈക്ളിങ് ചാമ്പ്യന്‍ഷിപ്പിന്‍െറ പ്രഥമ ചാമ്പ്യനും ഇസ്മായില്‍ ആണ്. അന്ന് കോച്ചായി ഉണ്ടായിരുന്നത് ചെക്ക് താരം സ്വാറ്റോ ബുച്ചയായിരുന്നു -കോച്ച് ഓര്‍മ്മിച്ചു.
സ്ളോവേനിയ, ക്രോയേഷ്യ, ഇറ്റലി എന്നീ മൂന്ന് യൂറോപ്പ്യന്‍ രാജ്യങ്ങളിലായി പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്ന താരങ്ങള്‍ ഒക്ടോബര്‍ ഒന്നിന് പൂര്‍ണ സജ്ജമായി ഖത്തറിലത്തെും. ഖത്തറിലെ മത്സരശേഷം മറ്റു ഗള്‍ഫ് ഏഷ്യന്‍ രാജ്യങ്ങളിലും വിവിധ ചാമ്പ്യന്‍ഷ്യപ്പുകളും ഇവരെ കാത്തിരിക്കുന്നു.
ഖത്തറിലെ പ്രധാന സ്ഥലങ്ങള്‍ക്കുപുറമെ ആസ്പയര്‍ സോണ്‍, എജുക്കേഷന്‍ സിറ്റി, പേള്‍ ഖത്തര്‍ എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് സൈക്ളിങ് ചാമ്പ്യന്‍ഷിപ്പ്. ഈ സ്ഥലങ്ങളിലെ റോഡുകള്‍ അടച്ചിട്ടായിരിക്കും മല്‍സരങ്ങള്‍ അരങ്ങേറുക. ഇതിനായുള്ള അനുമതികള്‍ക്ക് മന്ത്രാലയത്തില്‍നിന്നുള്ള പ്രതികരണം കാത്തിരിക്കുകയാണ് സംഘാടകര്‍.
ഒക്ടോബര്‍ 16നാണ് മുതിര്‍ന്ന ഗ്രൂപ്പിലെ പുരുഷന്മാരുടെ 257.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റേസ് നിശ്ചയിച്ചിട്ടുള്ളത്. ആസ്പയര്‍ സോണിലെ ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍നിന്ന് തുടങ്ങി പേള്‍ ഖത്തറിലെ മാര്‍സ മലാസ് കെമ്പന്‍സ്കി ഹോട്ടല്‍ പരിസത്ത് സമാപിക്കുംവിധമാണ് മല്‍സരം. ദോഹക്കു പുറത്ത് വടക്കന്‍ മേഖലകളില്‍കൂടി നീങ്ങുന്ന സൈക്കിളോട്ടക്കാര്‍ അല്‍ ഖോര്‍, ലുസൈല്‍ സിറ്റി എന്നിവ പിന്നിട്ടായിരിക്കും പേള്‍ ഖത്തറിലത്തെുക.
എഴുപത്തഞ്ച് രാജ്യങ്ങളില്‍നിന്നായി ആയിരത്തോളം സൈക്കിളോട്ടക്കാര്‍ പങ്കെടുക്കുന്ന യു.സി.ഐ ചാമ്പ്യന്‍ഷിപ്പിന് പരിസമാപ്തിയാവുന്നതോടെ ഇഷ്ട കായിക വിനോദമാകുമെന്നാണ് പ്രതീക്ഷ.