ലോക സ്കൂള്‍ മീറ്റ്: നിവ്യക്ക് വെങ്കലം

09:04 am 17/07/2016
download (3)
തറബ്സന്‍ (തുര്‍ക്കി): പട്ടാള അട്ടിമറിയുടെ വാര്‍ത്തകള്‍ക്കിടെ തുര്‍ക്കിയിലെ ലോക സ്കൂള്‍ മീറ്റില്‍നിന്ന് (ജിംനേഷ്യാഡ്) ഇന്ത്യക്ക് സ്വര്‍ണവാര്‍ത്തകള്‍. ആണ്‍കുട്ടികളുടെ മെഡ്ലെ റിലേയില്‍ ഇന്ത്യന്‍ ടീം സ്വര്‍ണമണിഞ്ഞപ്പോള്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ മലയാളി താരം നിവ്യ ആന്‍റണി വെങ്കലമണിഞ്ഞ് മിന്നിത്തിളങ്ങി. പാലക്കാട് കല്ലടി കുമരംപുത്തൂര്‍ എച്ച്.എസ്.എസിലെ നിവ്യ 3.20 മീറ്റര്‍ ചാടിയാണ് അഭിമാന നേട്ടം സ്വന്തമാക്കിയത്. 2.80 മുതല്‍ 3.20 മീറ്റര്‍ വരെ ആദ്യ ശ്രമങ്ങളില്‍ ചാടിക്കടന്നായിരുന്നു നിവ്യയുടെ കുതിപ്പ്. സ്വര്‍ണം നേടിയ ബ്രസീലിന്‍െറ ഇസബെല്‍ ക്വഡ്രോസും വെള്ളിനേടിയ ഫ്രാന്‍സിന്‍െറ ഇവ ഷാര്‍ലറ്റും പാടുപെട്ടാണ് ആദ്യ ഉയരങ്ങള്‍ കടന്നത്. എന്നാല്‍, ക്രോസ്ബാര്‍ 3.40ലേക്ക് ഉയര്‍ത്തിയപ്പോള്‍ നിവ്യ വീണു. 3.60 ചാടി ബ്രസീല്‍ താരം സ്വര്‍ണവും, 3.50 മീ ചാടി ഫ്രഞ്ച് താരം വെള്ളിയും നേടി.
പാല ജംപ്സ് അക്കാദമിയില്‍ പരിശീലിക്കുന്ന നിവ്യ കൂത്തുപറമ്പ് സ്വദേശിനിയാണ്. പിതാവ്: ആന്‍റണി, മാതാവ്: റെജി. മിഡ്ലെ റിലേയില്‍ അജിത് കുമാര്‍, അക്ഷയ് നെയ്ന്‍, ശ്രീകാന്ത് ധന്വന്ത്, ആര്‍. നവീന്‍ എന്നിവരടങ്ങിയ ടീമാണ് ഇന്ത്യക്കായി സ്വര്‍ണമണിഞ്ഞത്. ഇതോടെ രണ്ടു സ്വര്‍ണവും രണ്ടു വെള്ളിയും രണ്ടു വെങ്കലവും അടക്കം ഇന്ത്യന്‍ മെഡല്‍ നേട്ടം ആറായി.