ലൈംഗിക ആരോപണത്തെ തുടര്‍ന്ന് ഇന്ത്യന്‍ വംശജനായ എംപി കീത്ത് വാസ് രാജിവച്ചു

07.18 PM 04-09-2016
Keith_Vaz_760x400
ലണ്ടന്‍: ലൈംഗിക ആരോപണത്തെ തുടര്‍ന്ന് ഇന്ത്യന്‍ വംശജനും ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി എംപിയുമായ കീത്ത് വാസ് രാജിവച്ചു. ഹൗസ് ഓഫ് കോമണ്‍സ് ഹോം അഫയേഴ്‌സ് കമ്മിറ്റിയില്‍നിന്നാണ് അദ്ദേഹം രാജിവച്ചിരിക്കുന്നത്. ഹൗസിലെ ഏറ്റവും ശക്തനായ ഇന്ത്യക്കാരന്‍ എന്ന് വിശേഷണമുള്ള കീത്ത് വാസ് 1987 മുതല്‍ ലീസ്റ്ററില്‍നിന്നുള്ള എംപിയാണ്.
59കാരനായ കീത്ത് വാസ് പുരുഷ വേശ്യകളുമൊത്ത് സമയം ചെലവഴിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ബ്രിട്ടീഷ് ഓണ്‍ലൈന്‍ പത്രമായ സന്‍ഡേ മിറര്‍ പുറത്തുവിട്ടത്. നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ തന്റെ ഫ്‌ലാറ്റില്‍ എത്താന്‍ ആവശ്യപ്പെട്ട് കീത്ത് വാസ് പുരുഷന്‍മാര്‍ക്കു പണം നല്‍കുന്നതിന്റെ ദൃശ്യങ്ങളും മയക്കുമരുന്ന് എത്തിക്കാന്‍ ആവശ്യപ്പെടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് കീത്ത് വാസ്.
രണ്ടു പോളിഷ് യുവാക്കളുമായിട്ടാണ് കീത്ത് വാസ് അവിഹിതബന്ധത്തില്‍ ഏര്‍പ്പെടുന്നത്. ഓഗസ്റ്റ് 27ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. താന്‍ നടത്തുന്ന ചാരിറ്റി സംഘടനയുടെ അക്കൗണ്ട് വഴിയാണ് കീത്ത് വാസ് പുരുഷന്‍മാര്‍ക്കു പണം കൈമാറിയത്. ഓഗസ്റ്റ് 27ന് ശേഷം രണ്ടുതവണ കീത്ത് വാസ് ഇവരുമായി സന്ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവം വിവാദമായതിനെ തുടര്‍ന്ന് അഭിഭാഷകരുടെ ഉപദേശം സ്വീകരിച്ചാണ് കീത്ത് വാസ് ഹൗസ് ഓഫ് കോമണ്‍സ് ഹോം അഫയേഴ്‌സ് കമ്മിറ്റിയില്‍നിന്ന് താത്കാലികമായി രാജിസമര്‍പ്പിച്ചിരിക്കുന്നത്.