ലൈംഗിക പീഡനം: ആർ.കെ പചൗരിക്കെതിരെ തെളിവുണ്ടെന്ന് ഡൽഹി കോടതി.

04:20 PM 14/05/2016
download (6)
ന്യൂഡൽഹി: ലൈംഗിക പീഡന കേസിൽ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ ആർ.കെ പചൗരിക്കെതിരെ മതിയായ തെളിവുണ്ടെന്ന് ഡൽഹി കോടതി. പചൗരിക്കെതിരായ കുറ്റപത്രം സ്വീകരിച്ച ശേഷം മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റ് ശിവാനി ചൗഹാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 1400 പേജ് വരുന്ന കുറ്റപത്രം പരിഗണിക്കാനായി കേസ് ജൂലൈ 11ന് കോടതി മാറ്റി.

ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം ലൈംഗികാതിക്രമം തെളിയിക്കുന്നതിനുള്ള തെളിവുകൾ കുറ്റപത്രത്തിലുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇത് തെളിയിക്കുന്നതിനുള്ള 23 സാക്ഷികളെയും നിരവധി ഇമെയിൽ, വാട്ട്സ് ആപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. കോടതി നിരീക്ഷണത്തിന്‍റെ പശ്ചാത്തലത്തിൽ പചൗരിക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു.

2015ലാണ് ലൈംഗികാതിക്രമം നടത്തിയെന്ന സഹപ്രവർത്തകയുടെ പരാതിയിൽ പചൗരിക്കെതിരെ കേസെടുത്തത്. ഇതേതുടർന്ന് കാലാവസ്ഥ വ്യതിയാനം പഠിക്കുന്ന ഐക്യരാഷ്ട്ര സഭാ പാനലിന്‍റെ ചെയർമാൻ സ്ഥാനം അദ്ദേഹം രാജിവെച്ചിരുന്നു.