ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ട് തുര്‍ക്ക്‌മെനിസ്ഥാനെതിരേ ഇന്ത്യക്കു തോല്‍വി

30-03-2016
Watch-World-
ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ട്് മത്സരത്തില്‍ തുര്‍ക്ക്‌മെനിസ്ഥാനെതിരേ ഇന്ത്യക്കു തോല്‍വി. കൊച്ചി നെഹ്രു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. ഒരു ഗോളിനു മുന്നിട്ടുനിന്നശേഷമായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇന്ത്യ ആദ്യ പകുതിയില്‍ ഗോള്‍ നേടിയപ്പോള്‍ രണ്ടാം പകുതിയിലായിരുന്നു തുര്‍ക്ക്‌മെനിസ്ഥാന്റെ രണ്ടു ഗോളുകളും. 27-ാം മിനിറ്റില്‍ സന്ദേശ് ജിങ്കാനാണ് ഇന്ത്യയുടെ ഏക ഗോള്‍ നേടിയത്. ഫ്രീക്കിക്കില്‍നിന്നായിരുന്നു ഗോള്‍.
ആദ്യപകുതിയിലെ മുന്‍തൂക്കം ഇന്ത്യ രണ്ടാം പകുതിയില്‍ നിലനിര്‍ത്തിയില്ലെന്നല്ല, രണ്ടാം പകുതിയില്‍ തുര്‍ക്ക്‌മെനിസ്ഥാന്‍ തന്ത്രങ്ങള്‍ക്കു മൂര്‍ച്ച കൂട്ടുകയും അവ പ്രാവര്‍ത്തികമാക്കുകയും ചെയ്തു എന്നു പറയുന്നതാവും ശരി. രണ്ടു യുവ ടീമുകളുടെ പോരാട്ടത്തില്‍ കൂടുതല്‍ രാജ്യാന്തര മല്‍സരപരിചയവും കൂടുതല്‍ ശാരീരികക്ഷമതയുമുള്ള ടീം എതിരാളികളെ പിന്തള്ളുകയുമായിരുന്നു. വിങ്ങുകളിലൂടെയുള്ള ആക്രമണത്തില്‍ ഏതു കളിക്കാരനും എതിര്‍കോട്ട ഭേദിക്കാമെന്ന സ്വാതന്ത്ര്യം കൊടുത്ത കളിതന്ത്രമായിരുന്നു സന്ദര്‍ശകരുടേത്. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. കൂടുതല്‍ ഭാവനാസമ്പന്നമായ കളിയും അവരുടേതായിരുന്നു.
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഏഷ്യന്‍ മേഖലാ ഗ്രൂപ്പ് ഡിയില്‍ കളിച്ച എട്ട് കളികളില്‍ ഏഴിലും തോറ്റ് അവസാന സ്ഥാനത്താണ് ഇന്ത്യ.