ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ലോകചാമ്പ്യന്മാര്‍ ജയം

09.23 AM 05-09-2016
germanymuller_05092016
2018 റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളിലേക്കുള്ള യൂറോപ്യന്‍ മേഖലാ യോഗ്യത മത്സരങ്ങളില്‍ ലോകചാമ്പ്യന്മാരായ ജര്‍മനിക്കും ഇംഗ്ലണ്ടിനും ഡെന്‍മാര്‍ക്കിനും ജയം. യൂറോ സെമിയില്‍ പരാജയപ്പെട്ട ശേഷം തിരിച്ചുവരവിനു ശ്രമിക്കുന്ന ഗ്രൂപ്പ് സിയില്‍ ജര്‍മനി നോര്‍വയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്തു. നോര്‍വെയുടെ തട്ടകമായ ഓസ്‌ലോയിലെ ഉല്ലെവാല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തോമസ് മുള്ളര്‍ നേടിയ ഇരട്ട ഗോളുകളാണ് ജര്‍മ്മനിക്ക് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. 15, 60 മിനിറ്റുകളിലാണ് മുള്ളര്‍ വല കുലുക്കിയത്. ജോഷ്വ കിമ്മിച്ച്(45) മൂന്നാമത്തെ ഗോള്‍ നേടി. ബാസ്റ്റിന്‍ ഷൈ്വന്‍ സ്റ്റീഗര്‍ വിരമിച്ചതിനു ശേഷമുള്ള ആദ്യമത്സരത്തില്‍ ഗോള്‍കീപ്പര്‍ മാനുവല്‍ നൂയറാണ് ജര്‍മനിയെ നയിച്ചത്.
ഗ്രൂപ്പ് എഫില്‍ സ്ലോവാക്യയ്‌ക്കെതിരെ അധികസമയത്തു നേടിയ ഗോളാണ് ഇംഗ്ലണ്ടിന് ജയം നേടി കൊടുത്തത്. യൂറോ കപ്പില്‍ ഗ്രൂപ്പ് പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനില സമ്മാനിച്ച സ്ലൊവാക്യ അതേ പോരാട്ടവീര്യം പുറത്തെടുപ്പോള്‍ ഇംഗ്ലണ്ട് വിയര്‍ത്തു. ഒടുവില്‍ പത്തു പേരായി ചുരുങ്ങിയ സ്ലോവാക്യയ്‌ക്കെതിരെ 95-ാം മിനിറ്റില്‍ ആദം ലാല്ലന നേടിയ ഗോളിലാണ് ഇംഗ്ലീഷ് പട ജയിച്ചു കയറിയത്.
സി ഗ്രൂപ്പിലെ തന്നെ മറ്റു മത്സരത്തില്‍ വടക്കന്‍ അയര്‍ലന്‍ഡും ചെക്ക് റിപ്പബ്ലിക്കും ഗോള്‍ രഹിത സമനില പാലിച്ചപ്പോള്‍ അസെര്‍ബെയ്ജാന്‍ സാന്‍ മരിനോയെ 1-0ന് തോല്‍പിച്ചു. ഇ ഗ്രൂപ്പുകളില്‍ പോളണ്ടും കസാഖ്സ്ഥാനും രണ്ടു ഗോള്‍വീതം പങ്കിട്ടപ്പോള്‍ റുമാനിയയും മോണ്ടിനെഗ്രോയയും ഓരോ ഗോളുകള്‍വീതം നേടി. ഇതേ ഗ്രൂപ്പില്‍ ഡെന്‍മാര്‍ക്ക് ഒരു ഗോളിനു അര്‍മീനിയയെ തോല്‍പ്പിച്ചു. ഗ്രൂപ്പ് ഇയിലെ മത്സരത്തില്‍ ഡെന്‍മാര്‍ക്ക് 1-0ന് അര്‍മെനിയയെ പരാജയപ്പെടുത്തി. എഫ് ഗ്രൂപ്പില്‍ സ്‌കോട്ട്‌ലന്‍ഡ് 5-1 മാല്‍ട്ടയെ തകര്‍ത്തു.