10:59am 7/6/2016
ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസിനെ ഭീതിയിലാഴ്ത്തിയ പരമ്പര കൊലയാളി ‘ഗ്രിം സ്ലീപ്പര്‍’ എന്നറിയപ്പെട്ടിരുന്ന ലോണീ ഡേവിഡ് ഫ്രാങ്ക്‌ലിന്‍ ജൂനിയറിന് (63) വധശിക്ഷ. 1985 മുതല്‍ 2007 വരെ 10 സ്ത്രീകളെയാണ് ഇയാള്‍ വകവരുത്തിയത്. ഇതില്‍ ഒരാള്‍ പതിനഞ്ചുവയസ്സുകാരിയായിരുന്നു. മൃതദേഹങ്ങള്‍ ഇടവഴികളില്‍ ഉപേക്ഷിക്കുകയായിരുന്നു പതിവ്. ആക്രമണത്തിനിടെ ഒരാള്‍ പരുക്കുകളോടെ രക്ഷപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞമാസമാണ് കോടതി ഇയാളെ കുറ്റക്കാരനായി കണ്ടെത്തിയത്. പത്തു കൊലക്കേസുകളിലും കോടതി വധശിക്ഷയാണ് നല്‍കിയിരിക്കുന്നത്.
കറുത്ത വംശജരായ സ്ത്രീകളാണ് ഫ്രാങ്ക്‌ലിന്റെ ആക്രമണത്തിന് ഇരയായവര്‍. ഇവരെ പ്രലോഭനത്തില്‍ വീഴ്ത്തിയ ശേഷം വെടിവച്ചോ കഴുത്തുഞെരിച്ചോ കൊലപ്പെടുത്തുകയായിരുന്നു പതിവ്. ലഹരിമരുന്നുകള്‍ക്ക് അടിമപ്പെട്ടവരെയും ഇയാള്‍ തെരഞ്ഞുപിടിച്ചിരുന്നു.
1988ല്‍ ഇയാളുടെ ആക്രമണത്തിന് ഇരയായ സ്ത്രീ തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. പ്രലോഭനത്തില്‍ വീഴ്ത്തിയ സ്ത്രീയെ മാനഭംഗപ്പെടുത്തിയ ശേഷം വെടിവച്ച് പരുക്കേല്‍പ്പിച്ച് കാറില്‍ നിന്നും പുറത്തേക്ക് തള്ളുകയായിരുന്നു. നഗരത്തിലെ ശുചീകരണ തൊഴിലാളിയായിരുന്നു ഫ്രാങ്ക്‌ലിന്‍.
2007ല്‍ അവസാന കൊലപാതകത്തിനുള്ള ആസൂത്രണത്തിനിടെയാണ് ഫ്രാങ്ക്‌ലിന്‍ ഡിക്ടറ്റീവിന്റെ പിടിയില്‍ വീണത്. കൊല്ലപ്പെട്ടവരില്‍ നിന്നും ലഭിച്ച കൊലയാളികളുടെ ജനിതകമായ തെളിവുകള്‍ ഉപയോഗിച്ചായിരുന്നു പ്രതിയെ ശാസ്ത്രീയമായി പിടികൂടിയത്. ഇയാളുടെ മകന്‍ ഇക്കാലത്ത് ജയിലില്‍ ഉണ്ടായിരുന്നു. ഇയാളുടെ ഡി.എന്‍.എ സാംപിളുമായി തെളിവുകള്‍ക്ക് സാമ്യം വന്നതോടെയാണ് അന്വേഷണം ഫ്രാങ്ക്‌ലിനിലേക്ക് തിരിഞ്ഞത്.
ഒരു പിസ പാര്‍ലറില്‍ ഇയാള്‍ പങ്കെടുത്ത ഒരു ജന്മദിന പാര്‍ട്ടിയില്‍ ജീവനക്കാരന്റെ വേഷത്തിലെത്തിയാണ് ഡിക്ടറ്റീവ് ഓഫീസര്‍ ഫ്രാങ്ക്‌ലിന്റെ ശരീരത്തില്‍ നിന്നും തന്ത്രപരമായി തെളിവുകള്‍ ശേഖരിക്കുകയായിരുന്നു. ഇരകളില്‍ കണ്ടെത്തിയ ജനിതക തെളിവുകള്‍ ഇതുമായി യോജിച്ചതോടെയാണ് വിലങ്ങ്‌വീണത്