ലോസ് ആഞ്ചലസ് വിമാനത്താവളത്തിൽ ഉഗ്രശബ്ദം; വെടിവെപ്പല്ലെന്ന് അധികൃതർ

04:27 pm 29/08/2016
images (3)
ലോസ് ആഞ്ചലസ്: ഉഗ്രശബ്ദമുണ്ടായതിനെ തുടർന്ന് അമേരിക്കയിലെ ലോസ് ആഞ്ചലസ് വിമാനത്താവളം ഒഴിപ്പിച്ചു. വിമാനത്താവളത്തിലുണ്ടായത് ഉഗ്രശബ്ദം മാത്രമാണെന്നും വെടിവെപ്പല്ലെന്നും അധികൃതർ വ്യക്തമാക്കി. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ലോസ് ആഞ്ചലസിൽ വെടിവെപ്പുണ്ടായെന്ന് നേരത്തേ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു. ഉച്ചത്തിലുള്ള ശബ്ദത്തെ തുടർന്ന് പരിഭ്രാന്തരായ യാത്രക്കാർ ടെർമിനലിൽ നിന്നും പുറത്തേക്ക് ഒാടുകയായിരുന്നു. തുടർന്ന് ആഗമന-പുറപ്പെടൽ ടെർമിനലുകൾ അടക്കുകയും നൂറുകണക്കിനാളുകളെ വിമാനത്താവളത്തിൻെറ ഭാഗത്ത് നിന്നും ഒഴിപ്പിക്കുകയും ചെയ്തു. ആർക്കും പരിക്കേറ്റിട്ടില്ല.

വിമാനത്താവളത്തിൽ തെരച്ചിൽ ആരംഭിച്ചതായും പൊതുസുരക്ഷ ഉറപ്പാക്കാൻ എല്ലാ മുൻകരുതലുകളും എടുത്തതായും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ നേരത്ത റിപ്പോർട്ട് ചെയ്തിരുന്നു. ബെൽജിയം, തുർക്കി രാജ്യങ്ങളിലെ വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൻെറ പശ്ചാത്തലത്തിൽ യു.എസ് വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥർ കനത്ത ജാഗ്രതയിലാണ് കഴിഞ്ഞിരുന്നത്.