വചനമാരി ചൊരിഞ്ഞ് ഫീനിക്‌സില്‍ അഖണ്ഡ ബൈബിള്‍ പാരായണം –

09:29 am 6/10/2016

മാത്യു ജോസ്
Newsimg1_87132190
ഫീനിക്‌സ്: വചനമേശയില്‍ നിന്നു ആവോളം ഭക്ഷിച്ച് സംതൃപ്തരാകുന്നില്ലെങ്കില്‍ ബലിപീഠത്തില്‍നിന്ന് മുറിച്ച് പങ്കുവെയ്ക്കപ്പെടുന്ന മിശിഹായുടെ തിരുശരീര രക്തങ്ങളുടെ സത്യാര്‍ത്ഥം ഗ്രഹിക്കാനാകില്ല. തിരുവചനമാണ് ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്രം. സുവിശേഷം ജീവിക്കുമ്പോഴാണ് ക്രൈസ്തവ ജീവിതം സാര്‍ത്ഥകമാകുന്നത്. ഫീനിക്‌സ് ഹോളിഫാമിലി സീറോ മലബാര്‍ ദേവാലയം സംഘടിപ്പിച്ച അഖണ്ഡ ബൈബിള്‍ പാരായണത്തിന്റെ പ്രസക്തി വിളിച്ചറിയിക്കുന്നതായി ഇടവക വികാരി ഫാ ജോര്‍ജ് എട്ടുപറയില്‍ നല്‍കിയ സന്ദേശം. കരുണാവര്‍ഷം പ്രമാണിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി ഇടവകയില്‍ നടത്തിവരുന്ന വിവിധ ആഘോഷ പരിപാടികളുടെ ഭാഗമയാണ് ഏകദിന അഖണ്ഡ ബൈബിള്‍ പാരായണം സംഘടിപ്പിക്കപ്പെട്ടത്. ദിവസം മുഴുവന്‍ ഇടമുറിയാതെ നീണ്ടുനിന്ന ബൈബിള്‍ പാരായണത്തില്‍ ഇടവകയിലെ എല്ലാ കുടുംബങ്ങള്‍ക്കുമൊപ്പം മറ്റുള്ളവരും ഭക്തിപൂര്‍വ്വം പങ്കുചേര്‍ന്നത് ആഘോഷപരിപാടിയുടെ വന്‍ വിജയത്തിനു കാരണമായി. കരുണാവര്‍ഷത്തില്‍ വിവിധ കര്‍മ്മപരിപാടികളുടെ നടത്തിപ്പിനുവേണ്ടി പ്രത്യേകം രൂപവത്കരിച്ച കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് ബൈബിള്‍ പാരായണം സംഘടിപ്പിച്ചത്. കൈക്കാരന്മാരായ പ്രസാദ് ഫിലിപ്പ്, മനോജ് ജോണ്‍, ജയ്‌സണ്‍ ഫിലിപ്പ് എന്നിവര്‍ ആഘോഷപരിപാടികളുടെ ഏകോപനം നിര്‍വഹിച്ചു.