07.29 PM 26-05-2016
പി.പി. ചെറിയാന്‍
അലബാമ: അലബാമ പെല്‍സിറ്റി വില്യംസ് ഇന്റര്‍മീഡിയറ്റ് സ്‌ക്കൂളിലെ വാര്‍ഷീകത്തോടനുബന്ധിച്ചു നടത്തപ്പെട്ട വടംവലി മത്സരത്തിനിടെ പതിമൂന്നു വയസ്സുള്ള മാഡിസണ്‍ കുഴഞ്ഞു വീണു മരിച്ചു. കഴിഞ്ഞ വാരാന്ത്യമാണ് ദുഃഖകരമായ സംഭവം നടന്നത്.
കുഴഞ്ഞു വീണ മാഡിസനു സി.പി.ആര്‍. നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാഡിസണ്‍ മരണമടഞ്ഞതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കഠിനമായ ചൂടില്‍ നിന്ന് മത്സരത്തിനിടെ കുട്ടികള്‍ക്ക് കുടിക്കാനാവശ്യമായ വെള്ളം സ്‌ക്കൂള്‍ അധികൃതര്‍ നല്‍കിയില്ലെന്ന് മാഡിസന്റെ മാതാവ് ലെസ്ലി വെന്റ് വര്‍ത്ത് പറഞ്ഞു. ദാഹജലം ആവശ്യമുള്ളവര്‍ റസ്റ്റ്‌റൂമില്‍ ചെന്ന് വെള്ളം കുടിക്കുകയോ, പുറത്തു ഒന്നര ഡോളറിന് ബോട്ടില്‍ വെള്ളം വാങ്ങുകയോ ചെയ്യണമെന്ന് സ്‌ക്കൂള്‍ അധികൃതര്‍ പറഞ്ഞതായി മാതാവ് ആരോപിച്ചു.
മകള്‍ക്ക് ആരോഗ്യപരമായ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും മാതാവ് പറഞ്ഞു. വടംവലി മത്സരത്തിനിടെ തലചുറ്റലും വേദനയും മാഡിസനുണ്ടായതായി സ്‌ക്കൂള്‍ അധികൃതര്‍ അറിയിച്ചു. മാത്രമല്ല ആവശ്യമുള്ള വെള്ളം കരുതിയിരുന്നതായും അവര്‍ പറഞ്ഞു.
പുറത്തുള്ള അതികഠിനമായ ചൂട് ഒരു പക്ഷേ മരണകാരണമാകാം എന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ അന്വേഷണത്തിനുശേഷം മാത്രമേ യഥാര്‍ത്ഥ കാരണം കണ്ടുപിടിക്കാന്‍ കഴിയുകയുള്ളൂവെന്ന് പോലീസ് സ്‌പോക്ക്‌പേഴ്‌സണ്‍ അറിയിച്ചു.