വടക്കാഞ്ചേരി പീഡനം; യുവതിയുടെ മൊഴി വീണ്ടുമെടുക്കും

02.32 AM 12/11/2016
peedanam-658x387
തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസില്‍ യുവതിയുടെ രഹസ്യമൊഴിയെടുക്കാന്‍ പൊലീസ് നീക്കം. ഇതിനായി വടക്കാഞ്ചേരി, കുന്നംകുളം മജിസ്ട്രേറ്റുമാരെ സമീപിക്കാനാണ് നീക്കമെന്നാണ് സൂചനകള്‍. സിപിഎം കൗണ്‍സിലര്‍ ജയന്തന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിയായ കേസാണിത്.
നേരത്തെ രഹസ്യമൊഴിയെടുത്തിരുന്നെങ്കിലും പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് യുവതിയില്‍ നിന്ന് വീണ്ടും മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ഇക്കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്.
ആദ്യം നല്‍കിയ മൊഴിയില്‍ ജയന്തനുമായി സാമ്പത്തിക തര്‍ക്കമാണുള്ളത്. പുതിയ വെളിപ്പെടുത്തലിനു ശേഷമുള്ള മൊഴിയില്‍ ജയന്തനും മറ്റ് മൂന്നു പേരും ചേര്‍ന്ന് പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തി കേസ് ഒത്തു തീര്‍ത്തെന്ന് വരുത്തുകയായിരുന്നുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ട് കൗണ്‍സിലര്‍മാരുടെ ഒത്താശയോടെയാണ് ഇത് നടന്നത്. കാറില്‍ കൊണ്ടുപോയി തിരുവുള്ളക്കാവ് ക്ഷേത്രത്തിന് സമീപത്ത് നിര്‍മാണം നടക്കുന്ന വീട്ടില്‍ വെച്ചാണ് പീഡിപ്പിച്ചതെന്നും മൊഴിയില്‍ പറയുന്നു. എന്നാല്‍ അന്വേഷണത്തില്‍ സ്ഥലം സ്ഥിരീകരിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.