വടക്കാഞ്ചേരി ലൈംഗിക പീഡന ആരോപണത്തില്‍ ദേശീയ വനിതാ കമീഷന്‍ സ്വമേധയാ കേസെടുത്തു

05;33 pm 5/11/2016
images (7)

ന്യൂഡല്‍ഹി: വടക്കാഞ്ചേരി ലൈംഗിക പീഡന ആരോപണത്തില്‍ ദേശീയ വനിതാ കമീഷന്‍ സ്വമേധയാ കേസെടുത്തു. തൃശ്ശൂര്‍ സ്വദേശിയായ യുവതി കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് വനിതാ കമീഷന്‍ കേസെടുത്തിരിക്കുന്നത്.

ഇരയുടെ പേര് വെളിപ്പെടുത്തിയ സി.പി.ഐ.എം തൃശൂര്‍ ജില്ലാസെക്രട്ടറി കെ രാധാകൃഷ്ണനെതിരെ കമീഷന്‍ സമന്‍സ് അയച്ചു. നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ദേശീയ വനിതാകമീഷന്‍ അധ്യക്ഷ ലളിതാ കുമാരമംഗലം സമന്‍സ് അയച്ചത്. കേസില്‍ ആരോപണ ധേയനായ സി.പി.എം വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി.എന്‍ ജയന്തനെതിരായ നടപടിയെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് കെ. രാധാകൃഷ്ണന്‍ യുവതിയുടെ പേര് വെളിപ്പെടുത്തിയത്.

സുപ്രീംകോടതി നിര്‍ദേശപ്രകാരം ബലാത്സംഗ കേസുകളില്‍ ഇരയുടെ പേര് വെളിപ്പെടുത്താന്‍ പാടില്ല. ഈ ചട്ടം ലംഘിച്ച കെ. രാധാകൃഷ്ണന്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനാണ് കമീഷൻ ആവശ്യപ്പെട്ടിട്ടുള്ളത്.

ഇരയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്താന്‍ ദേശീയ വനിതാകമീഷന്‍ അധ്യക്ഷ ലളിതാ കുമാരമംഗലം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ദേശീയ വനിതാകമീഷന്‍ കത്തയച്ചിട്ടുണ്ട്.