വര്‍ക്കലയില്‍ നഴ്‌സിങ് വിദ്യാര്‍ഥി കൂട്ടബലാത്സംഗത്തിന് ഇരയായി

10:20 AM 04/05/2016
images
തിരുവനന്തപുരം: വര്‍ക്കലയില്‍ നഴ്‌സിങ് വിദ്യാര്‍ഥി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പരാതി. ഓട്ടോ ഡ്രൈവറായ കാമുകനും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. സ്വകാര്യ നഴ്‌സിങ് കോളജ് രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ 19കാരിയാണ് ക്രൂരപീഡനത്തിന് ഇരയായത്.

ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെ വെട്ടൂര്‍ സ്വദേശിയായ കാമുകനൊപ്പം ആനയറ സ്വദേശിയായ പെണ്‍കുട്ടി പുറത്തുപോയിരുന്നു. എന്നാല്‍, പെണ്‍കുട്ടിയെ വിജനമായ സ്ഥലത്ത് കൊണ്ടു പോയ കാമുകനും സുഹൃത്തുക്കളും പീഡിപ്പിക്കുകയായിരുന്നു. എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് വര്‍ക്കല റെയില്‍വേ സ്റ്റേഷന് സമീപം ഓട്ടോറിക്ഷയില്‍ പോകുമ്പോള്‍ ബഹളം കൂട്ടിയ പെണ്‍കുട്ടി വിവരം നാട്ടുകാരെ അറിയിച്ചു. നാട്ടുകാര്‍ എത്തിയപ്പോഴേക്കും പ്രതികള്‍ ഓടി രക്ഷപ്പെട്ടിരുന്നു.

വായില്‍ നിന്ന് നുരയും പതയും വന്നതിനെ തുടര്‍ന്ന് അബോധാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ പൊലീസ് എത്തിയാണ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൊഴി രേഖപ്പെടുത്തിയ ശേഷം തിരുവനന്തപുരം എസ്.ഐ.ടിയിലേക്ക് മാറ്റി. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. പ്രതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ ഉപേക്ഷിക്കപ്പെട്ട നിലയില്‍ അയന്തി റെയില്‍വേ പാലത്തിന് സമീപമുള്ള റോഡില്‍ നിന്ന് കണ്ടെത്തി.

അതേസമയം, പ്രതികളെ പൊലീസ് സംരക്ഷിക്കുന്നെന്ന് ആരോപിച്ചും കുറ്റക്കാര്‍ക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ടും ഡി.വൈ.എഫ്.ഐ കല്ലമ്പലം യൂനിറ്റിന്റെറ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാത്രി ദേശീയപാത ഉപരോധിച്ചു.