വാഗാ അതിർത്തിയിൽ ഇന്ന്​ പതാക താഴ്ത്തൽ ചടങ്ങില്ല

05:24 PM 29/09/2016
download
ന്യൂഡൽഹി: പാകിസ്​താനിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ കരസേന മിന്നലാക്രമണം നടത്തിയ പശ്ചാത്തലത്തിൽ വാഗാ അതിർത്തിയിലെ ഫളാഗ്​ ബീറ്റിങ്​ റിട്രീറ്റ്​ ഒഴിവാക്കിയാതായി ബി.എസ്.​എഫ്​ അറിയിച്ചു. അട്ടാരി–വാഗ അതിർത്തിയിൽ എല്ലാ ദിവസവും വൈകുന്നേരം ഇന്ത്യ– പാക്​ അതിർത്തി സുരക്ഷാ സേനാവിഭാഗങ്ങൾ ഇരുരാജ്യങ്ങളുടെ പതാക താഴ്​ത്തുന്ന ചടങ്ങാണ്​ ഫളാഗ്​ ബീറ്റിങ്​ റിട്രീറ്റ്​.
ഇന്ത്യൻ സൈനിക നടപടി ഉണ്ടായ സാഹചര്യത്തിൽ പാകിസ്​താൻ അതിർത്തി സേനയുമായി ചേർന്ന്​ ചടങ്ങ്​ നടത്തേണ്ടെന്ന തീരുമാനത്തിലാണ്​ ബി.എസ്​.എഫ്. മുപ്പത് മിനിറ്റ് നീണ്ടു നില്‍ക്കുന്ന ഫളാഗ്​ റിട്രീറ്റ് ചടങ്ങ് കാണാനായി ഇരുരാജ്യങ്ങളില്‍ നിന്നും നൂറുകണക്കിന് സന്ദര്‍ശകരാണ് ദിവസവും വാഗയിൽ എത്തുന്നത്.

പാകിസ്​താനുമായുള്ള സംഘർഷ സാഹചര്യം രൂക്ഷമായ സാഹചര്യത്തിൽ അതിർത്തി സുരക്ഷ വർധിപ്പിക്കുന്നതിന്​ അവധിയിൽ പ്രവേശിച്ച ജവാൻമാർ തിരിച്ചെത്തണമെന്നും ബി.എസ്​.എഫ് ആവശ്യപ്പെട്ടിട്ടുണ്ട്​.

സന്ദര്‍ശകരോടും സഞ്ചാരികളോടും അതിര്‍ത്തിയിലെ യാത്ര ഒഴിവാക്കാൻ നിർദേശിച്ചു. മേഖലകളിൽ ജാഗ്രത നിർദേശം നൽകിയതായി അതിർത്തി ബി.എസ്​.എഫും ജില്ലാ ഭരണകൂടവും അറിയിച്ചു.