വാട്സ്ആപ് നമ്പര്‍ നല്‍കുമ്പോള്‍ ഇത്ര പ്രതീക്ഷിച്ചിരുന്നില്ല ബിഹാര്‍ ഉപ മുഖ്യമന്ത്രി .

08;39 am 22/10/2016
images (1)

പട്ന: മോശം റോഡുകളെക്കുറിച്ച് പരാതികള്‍ അയക്കാന്‍ വാട്സ്ആപ് നമ്പര്‍ നല്‍കുമ്പോള്‍ ഇത്ര പ്രതീക്ഷിച്ചിരുന്നില്ല ബിഹാര്‍ ഉപ മുഖ്യമന്ത്രി തേജസ്വി യാദവ്. 47,000 വിവാഹാഭ്യര്‍ഥനകള്‍ ആണ് ഈ യുവ രാഷ്ട്രീയ നേതാവിനെ തേടിയത്തെിയത്. പ്രിയ, അനുപമ, മനീഷ, കാഞ്ചന്‍, ദേവിക ഇങ്ങനെ പോവുന്നു വിവാഹം കഴിക്കാമോ എന്നുചോദിച്ച് മന്ത്രിക്ക് സന്ദേശമയച്ചവരുടെ പേരുകള്‍.

ഈ നമ്പറിലേക്ക് അര ലക്ഷത്തോളം വിവാഹാഭ്യര്‍ഥനകള്‍ വന്നപ്പോള്‍ 3000 എണ്ണം മാത്രമാണ് റോഡുമായി ബന്ധപ്പെട്ട പരാതികള്‍. പേരിനൊപ്പം നിറവും ശാരീരിക വിവരണവും നല്‍കി തൃപ്തിവരാതെ ഫോട്ടോതന്നെ അപ്ലോഡ് ചെയ്തിട്ടുണ്ട് ഭൂരിഭാഗം പേരും.

റോഡിന്‍െറ ശോച്യാവസ്ഥ തേടി നല്‍കിയ നമ്പര്‍ തേജസ്വിയുടെ സ്വകാര്യ നമ്പര്‍ ആണെന്ന നിലയില്‍ വ്യക്തിപരമായ മെസേജുകളും ചിലര്‍ അയച്ചിട്ടുണ്ട്. രസകരമായാണ് ഇതിനോടുള്ള തേജസ്വിന്‍െറ പ്രതികരണം. ദൈവത്തിനു നന്ദി, താനിപ്പോഴും സിംഗ്ള്‍ ആയതില്‍. വിവാഹിതനായിരുന്നുവെങ്കില്‍ ജീവിതം കുട്ടിച്ചോറായേനെ എന്നായിരുന്നു മറുപടി.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയെങ്കിലും മാതാപിതാക്കള്‍ നിശ്ചയിച്ചുറപ്പിച്ച പെണ്ണു തന്നെ മതി കൂട്ടിന് എന്നാണ് തേജസ്വിയുടെ തീരുമാനം. ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന്‍െറയും മുന്‍ മുഖ്യമന്ത്രി റാബ്റി ദേവിയുടെയും മകനും 26കാരനുമായ തേജസ്വി യാദവ് ക്രിക്കറ്റര്‍ എന്ന നിലയില്‍നിന്നാണ് രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെച്ചത്.

‘ടെക്കി’ മന്ത്രി കൂടിയായ തേജസ്വി സോഷ്യല്‍ മീഡിയ വഴി കഴിഞ്ഞവര്‍ഷം എന്‍ജിനീയറിങ് വിദ്യാര്‍ഥി അയച്ച പരാതിക്ക് പരിഹാരമുണ്ടാക്കിയത് വാര്‍ത്തയായിരുന്നു.