വിചാരവേദിയില്‍ പ്രവാസികളുടെ ഒന്നാം പുസ്തകം ചര്‍ച്ചചെയ്തു

09;09 19/9/2016

– ബാബു പാറയ്ക്കല്‍
Newsimg1_72460228
ന്യൂയോര്‍ക്ക്: സാംസി കൊടുമണ്‍ എഴുതിയ പ്രവാസികളുടെ ഒന്നാം പുസ്തകം എന്ന നോവല്‍ സെപ്റ്റമ്പര്‍ മൂന്നാം തിയ്യതി കേരളാ കള്‍ച്ചറല്‍ സെന്ററില്‍ വെച്ച്, ഡോ. എന്‍. പി. ഷീലയുടെ ആദ്ധ്യക്ഷതയില്‍ കൂടിയ വിചാരവേദി ചര്‍ച്ച ചെയ്തു. അമേരിക്കയിലെ പ്രമുഖരായ എഴുത്തുകാര്‍ക്കൊപ്പം വലിയൊരു സദസ്സ് പങ്കെടുത്തു. തന്റെ ചെറുകഥകള്‍ കൊ­ണ്ടു തന്നെ അമേരിക്കയില്‍ അറിയപ്പെടുന്ന സാംസി കൊടുമണ്‍, ജീവിതത്തെ അതിന്റെ സമ്പൂര്‍ണ്ണതയിലും, സങ്കീര്‍ണതയിലും, വ്യത്യസ്തതയിലും വിശദീകരിക്കുവാന്‍ കഥ അപര്യാപ്തമായി എന്നു തോന്നിയപ്പോള്‍ നോവലിലേക്ക് പദമൂന്നി. അതിന്റെ സകാര രൂപമാണ് പ്രവാസികളുടെ ഒന്നാം പുസ്തകമെന്ന നോവല്‍. ജീവിതത്തെക്കുറിച്ചുള്ള സുഷ്മനിരീക്ഷണത്തിന്റേയും അനുഭവത്തിന്റേയും വെളിച്ചത്തില്‍ തനിക്കു ചുറ്റുമുള്ള ജീവിതങ്ങളുടെ നേര്‍ക്കാഴ്ചകള്‍ കലയുടെ മാന്ത്രിക സ്പര്‍ശത്തോട് ആവിഷ്കരിച്ചതിന്റെ ആത്മപരിതൃപ്തി ഈ നോവലില്‍ തെളിഞ്ഞു കാണാം. സാംസിയുടെ പ്രഥമ നോവല്‍ എന്തുകൊണ്ട­ും ശ്രദ്ധേയമാണെന്ന്് ഡോ. ഷീല തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ ചൂണ്ട­ിക്കാട്ടി.

തുടര്‍ന്നുപ്രബന്ധം അവരിപ്പിച്ച ഡോ. നന്ദകുമാര്‍, കഥകളും ഉപകഥകളും ചൂണ്ട­ിക്കാട്ടി, പച്ചയായ ജീവിതത്തിന്റെ അകവും പുറവും സരളമായ ഭാഷാശൈലിയിലൂടെ നോവലിസ്റ്റ് കാട്ടിത്തന്നിരിക്കുയാണന്ന് അഭിപ്രായപ്പെട്ടു.

സാഹിത്യ സാംസ്കരിക ലോകത്ത് സുപരിചിതനായ പ്രൊഫ. കോശി തലയ്ക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. നോവലിന്റെ ഉള്ളറകളിലേക്ക് സദസിനെ കൂട്ടിക്കൊ­ണ്ടു പോയി. നോവലിന്റെ സാമ്പ്രദായിക രീതികളില്‍ നിന്നും വ്യതിചലിച്ച ഒരു നോവല്‍ എന്ന് അദ്ദേഹം ആദ്യമേ നിരീക്ഷിച്ചു. കഥാപാത്രങ്ങളുടെ ബാഹുല്യം, കഥക്കൊപ്പം കഥാ പാത്രങ്ങള്‍ സ്വയം വളരേ­ണ്ടവയാണന്നും, വേണമെങ്കില്‍ ഇതിനെ ഒന്നോ രണ്ടേ­ാ നോവലുകളായി മാറ്റാവുന്നതാണന്നും അദ്ദേഹം പറഞ്ഞു. നാം പ്രവാസികളല്ലെന്നും കുടിയേറ്റക്കാരാണെന്നും, അതുകൊണ്ട­് തലക്കെട്ടിനോടുള്ള അഭിപ്രായവ്യത്യാസം അദ്ദേഹം മറച്ചു വച്ചില്ല. ഈ ന്യൂനതകളൊക്കെ മറക്കാന്‍ കഴിയുന്ന വിധത്തിലുള്ള ആഴമേറിയ നീരീക്ഷണം ഈ നോവല്‍ വായന തീവ്രമായ ഒരനുഭവമാണെന്നും, ഏതൊരു നല്ല കൃതിയും എഴുതുന്നതല്ല എഴുതപ്പെടുന്നതാണന്നും, ഈ നോവലിലെ നല്ലൊരു ഭാഗവും എഴുതിയതല്ല എഴുതപ്പെട്ടതാണ് എന്നും അദ്ദേഹം പറഞ്ഞു. പദങ്ങളെ ഇണചേരാന്‍ അനുവദിക്കുക ആ പദങ്ങളുടെ ഇണചേരലില്‍ പുനര്‍ജ്ജനിക്കുന്ന ഘടനയാണ് വാചകങ്ങളെ സമ്പന്നമാക്കുന്നതെന്ന് നോവലിലെ അനേകം ഉദാഹരണങ്ങള്‍ നിരത്തി അദ്ദേഹം അടിവരയിട്ടു പറഞ്ഞു. ബോധധാരാ സമ്പ്രദായമാണ് ഈ നോവലില്‍ സ്വീകരിച്ചിരിക്കുുന്നതെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. ഗീതാ എന്ന ഒരു ഉപകഥാപാത്രം മനസ്സില്‍ നിന്നും മായാതെ നില്‍ക്കുന്നത് പാത്ര സൃഷ്ടിയില്‍ കഥാകൃത്ത് കാണിച്ച മികവുകൊണ്ട­ാണ്. ഒരു കല്ലില്‍ നിന്നോ തടിയില്‍ നിന്നോ ശിന്ി ശിന്ങ്ങള്‍ കൊത്തിയെടുക്കുന്നപോലെ ചെത്തിമിനുക്കി വേണം ഗ്രന്ഥ രചന നടത്തുവാന്‍. സാംസിക്ക് അതിന് കഴിഞ്ഞിട്ടണ്ട­്, എന്നാല്‍ പലരും അതിനു മിനക്കെടാറില്ല. അതിഭാവുകത്വത്തിന്റെ ഒരു തിരതള്ളല്‍ ഈ നോവലിന്റെ അവസാന ഭാഗത്തു കാണൂന്നു. അത് എഴുത്തുകാരന്‍ ശ്രദ്ധിക്കേ­ണ്ടിയിക്കുന്നു.

അങ്ങും ഇങ്ങും ഏതാനം ന്യൂനതകള്‍ ഒഴിച്ചാല്‍ ഇതൊരു മഹത്തായ കൃതിയാണ്. സാംസിയുടെ വീക്ഷണ പാടവവും അനുഭവ സമ്പത്തും ഈ നോവലില്‍ ഉടനീളം കാണാവുന്നതാണ്. “പ്രവാസികളുടെ ഒന്നാം പുസ്തകം’ എന്ന നോവല്‍ അതിമനോഹരമായ ഒരു സൃഷ്ടിയാണെന്ന് പറഞ്ഞ് എഴുത്തുകാരന് അഭിനന്ദനം അറിയിച്ച് പ്രോഫ. കോശി തലയ്ക്കല്‍ ഉപസംഹരിച്ചു.

അശോകന്‍ വേങ്ങശ്ശേരില്‍ പറഞ്ഞു തുടങ്ങിയത് സാംസി കൊടുമണ്‍ ഈ നോവലിലുടെ തന്നെ അത്ഭുതപ്പെടുത്തി എന്നാണ്. മഹാഭാരതം പോലെ ഇതിഹാസ തുല്യമായ ഒരു നോവലാണിത്. അനേകം കഥാ പാത്രങ്ങളും കഥകളും ഉപകഥകളുമായി, ജീവിതത്തിന്റെ ,എല്ലാ മോഹങ്ങളും മോഹഭംഗങ്ങളുമായി ജീവിക്കുന്ന മനുഷ്യന്റെ ഉള്ളില്‍ കൂടിയുള്ള ഒരു യാത്രയാണ്. ജിവിതത്തെ ഒരു തത്വജ്ഞാനിയേപ്പോലെ നോക്കിക്കാണൂകയാണ് നോവലിസ്റ്റ്. ഇതിഹാസ കൃതികളായ വിക്ടര്‍ ഹുഗോയുടെ “പാവങ്ങള്‍’, ഹെമിങ്ങ് വേയുടെ “ദി ഓള്‍ഡ് മാന്‍ അന്‍ഡ് ദി സി’ എന്നി കൃതികളിലൂടെ മനുഷ്യ മനസ്സിന്റെ മോഹങ്ങളുടേയും, സ്വ്പനങ്ങളുടേയും നന്മയുടേയും, വെറുപ്പിന്റേയും പ്രത്യാശയുടേയും, നിസ്വാര്‍ദ്ധതയുടെയും ഒട്ടേറെ ചിത്രങ്ങള്‍ അദ്ദേഹം അനാവരണം ചെയ്തു.

ആശംസാ പ്രസംഗങ്ങള്‍ നടത്തിയ നീനാ പനയ്ക്കല്‍, ജോസ് ചെരിപുറം, വര്‍ക്ഷിസ് ചുങ്കത്തില്‍, ബാബു രാജ്, ജേക്കബ് പനയ്ക്കല്‍, ചാക്കോ കോയിക്കലേത്ത്, മോന്‍സി കൊടുമണ്‍, ബാബു പാറയ്ക്കല്‍ എന്നിവര്‍ ഗ്രന്ഥകാരന് വിജയങ്ങള്‍ നേര്‍ന്നു. വെറോണിക്ക ഗാനാലാപനം നടത്തി. സന്തോഷ് പാല അതിരുകള്‍ എന്ന തന്റെ കവിത ആലപിച്ചു കൊണ്ട­് സാംസി കൊടുമണ്ണിനെ അനുമോദിച്ചു.

സാംസി കൊടുമണ്‍ തന്റെ മറുപടി പ്രസംഗത്തില്‍, കൂടിയേറ്റക്കാരായി വന്ന നമ്മള്‍ പ്രവാസികളായി മാറിയെന്നും, പ്രവാസം തലമുറകളായി തുടരുന്ന ഒരു പ്രക്രിയയാണെന്നും പറഞ്ഞു. പ്രവാസികളൂടെ ഒന്നാം പുസ്തകം നിറഞ്ഞ മനസ്സോട് സ്വീകരിച്ച എല്ലാ സഹൃദയര്‍ക്കും നന്ദി പറഞ്ഞു. ഈ പുസ്തകത്തിനു നിരൂപണമെഴുതിയ വാസുദേവ് പുളിയ്ക്കല്‍, സുധിര്‍ പണിക്കവീട്ടില്‍, ഡോ. കെ. ആര്‍. ടോണി, ഡോ. നന്ദകുമാര്‍, ഡോ.എന്‍.പി.. ഷീല., നിര്‍മല എന്നിവരെ കൂടാതെ ഈ നോവലിനെ നല്ല രീതിയില്‍ പ്രോല്‍സാഹിപ്പിച്ച ഡോ. ശശിധരന്‍ കൂട്ടാലക്കും നന്ദി പറഞ്ഞു. ബാബു പാറയ്ക്കല്‍ എം.സി. ആയി പ്രവര്‍ത്തിച്ചു.