വിജയ് മല്യക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

09:12pm 18/04/2016
download
ന്യൂഡല്‍ഹി: 9000 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതിന് അന്വേഷണം നേരിടുന്ന മദ്യ വ്യവസായിയും രാജ്യസഭാ എം.പിയുമായ വിജയ് മല്യക്കെതിരെ മുംബൈ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. പ്രത്യേക ജഡ്ജി പി.ആര്‍ ബവാഖെ ആണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നല്‍കിയ ഹരജിയില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിപ്പിച്ചത്.
അതേ സമയം വിദേശത്ത് സ്വത്ത് വാങ്ങുന്നതിനായി മല്യ 430 കോടി രൂപ തട്ടിപ്പ് നടത്തിയെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റിന്റെ വാദത്തിനെതിരെ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് നല്‍കിയ ഹരജി കോടതി തള്ളി.

കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മൂന്ന് തവണ ഇ.ഡി സമന്‍സ് അയച്ചിട്ടും മല്യ ഹാജരായിരുന്നില്ല. ഇതിനെ തുടര്‍ന്ന് മല്യയുടെ പാസ്‌പോര്‍ട്ട് കഴിഞ്ഞ ദിവസം വിദേശ കാര്യ മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തിരുന്നു. നാലാഴ്ചത്തേക്കായിരുന്നു നടപടി.

രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകളില്‍ നിന്നായി 9000കോടിയിലധികം രൂപയുടെ വായ്പയെടുത്ത് തിരിച്ചടക്കാത്ത മല്യ കഴിഞ്ഞ മാസമാണ് ബ്രിട്ടനിലേക്ക് കടന്നത്.