വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്തു

5.36 PM 15-04-2016vijay_mallya_080316
മദ്യരാജാവ് വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു. എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണു നടപടി. ഐഡിബിഐ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ടു മല്യക്കെതിരേ ചുമത്തിയ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണു പാസ്‌പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്തത്. ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് മല്യക്കു നോട്ടീസ് നല്‍കിയിട്ടുണ്ട്. വിശദീകരണം നല്‍കിയില്ലെങ്കില്‍ പാസ്‌പോര്‍ട്ട് റദ്ദാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കേസുമായി ബന്ധപ്പെട്ടു മൂന്നു തവണ മല്യയോടു നേരിട്ടു ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മല്യ ഈ ആവശ്യം നിരസിച്ചു. ഇതേത്തുടര്‍ന്ന് പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെടുകയായിരുന്നു. പാസ്‌പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്തതോടെ നിലവില്‍ ലണ്ടനിലുണ്ടെന്നു കരുതുന്ന മല്യക്ക് ഇനി അവിടെ നിയമനടപടി നേരിടേണ്ടി വരും.