വിജയ് മല്യയ്‌ക്കെതിരെ കര്‍ശന നടപടി: നരേന്ദ്ര മോദി

27-03-2016
Modi-Mallya.jpg.image.784.410
രാജ്യംവിട്ട വിജയ് മല്യയ്‌ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും പണമാണ് മല്യ തട്ടിയെടുത്തത്. കോണ്‍ഗ്രസാണ് വിജയ് മല്യയെ സഹായിക്കുന്നതെന്നും മോദി പറഞ്ഞു. മല്യ വിഷയത്തില്‍ ആദ്യമായാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്.
വിവിധ ബാങ്കുകളില്‍നിന്നെടുത്ത 9000 കോടി രൂപയുടെ വായ്പകള്‍ തിരിച്ചടയ്ക്കാതെ മാര്‍ച്ച് രണ്ടിനാണ് വിജയ് മല്യ രാജ്യം വിട്ട് ബ്രിട്ടനിലേക്കു മുങ്ങിയത്. മല്യ ബ്രിട്ടനിലുള്ള തന്റെ എസ്റ്റേറ്റില്‍ സുഖ ജീവിതം നയിക്കുന്നതായിട്ടായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം, ഇന്ത്യയില്‍ നിന്ന് താന്‍ ഒളിച്ചോടിയിട്ടില്ലെന്നും മടങ്ങിവരാനുള്ള സമയമായിട്ടില്ലെന്നും വിജയ് മല്യ ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു.
മല്യക്ക് രാജ്യം വിട്ടു പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.
മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷര്‍ എയര്‍ലൈന്‍സ് കടക്കെണിയിലായതിനെത്തുടര്‍ന്നു 2013ലാണ് അടച്ചുപൂട്ടിയത്. മദ്യക്കമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ചെയര്‍മാന്‍സ്ഥാനം മല്യ നേരത്തേ രാജിവച്ചിരുന്നു.