വിമാനം ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഇറങ്ങി

10:01 am 17/12/2016

images (3)
കൊച്ചി: തലപ്പാവിനും സെല്ലുലോയ്ഡിനും എന്ന് നിന്റെ മൊയ്തീനും ശേഷം പൃഥ്വിരാജ് വീണ്ടും യഥാര്‍ത്ഥ കഥ പ്രമേയമാകുന്ന സിനിമയിലെ നായകനാവുന്നു. സ്വന്തമായി വിമാനമുണ്ടാക്കി പറപ്പിച്ച ബധിരനും മൂകനുമായ സജിയായാണ് പൃഥ്വിരാജിന്‍റെ പുതിയ വേഷപ്പകര്‍ച്ച. വിമാനം എന്നുപേരിട്ടിരിക്കുന്ന സിനിമക്ക് പന്ത്രണ്ടുകോടി രൂപയാണ് നിര്‍മ്മാണച്ചെലവ് കണക്കാക്കുന്നത്. നവാഗതനായ പ്രദീപ് എം നായരാണ് സംവിധാനം. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഇറങ്ങി.
മിണ്ടാനും പറയാനുമാവില്ലെങ്കിലും സ്വപ്നച്ചിറകുകളില്‍ പറന്ന മനുഷ്യന്‍റെ കഥയാണ് വിമാനം പറയുന്നത്. നാട്ടിലെ റബ്ബര്‍ തോട്ടത്തില്‍ കീടനാശിനി തളിക്കാനെത്തിയ ചെറു ഹെലികോപ്ടര്‍ കണ്ടാണ് തൊടുപുഴക്കാരന്‍ സജി ആകാശസ്വപ്നങ്ങള്‍ കണ്ടുതുടങ്ങിയത്. ദാരിദ്ര്യം കാരണ ഏഴാം തരത്തില്‍ പഠനം ഉപേക്ഷിച്ച സജി മഹാഗണിപ്പലകയും മോട്ടോര്‍ബൈക്കിന്‍റെ എന്‍ജിനും ഉപയോഗിച്ചാണ് വിമാനമുണ്ടാക്കിപ്പറത്തിയത്. പുതിയ സിനിമയ്ക്കുവേണ്ടിയും സജി മൂന്ന് വിമാനങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.
പന്ത്രണ്ടുകോടി രൂപയാണ് സിനിമക്ക് നിര്‍മ്മാണച്ചെലവ്. സജി നിര്‍മ്മിക്കുന്ന വിമാനം പൃഥ്വിരാജ് ആകാശത്ത് പറത്തുന്ന രംഗങ്ങളാവും സിനിമയുടെ ഹൈലൈറ്റ്. വിദേശത്തുനിന്നുള്ള സാങ്കേതികപ്രവര്‍ത്തകരാകും ആകാശദൃശ്യങ്ങള്‍ ക്യാമറയിലാക്കുന്നത്.