01.16 AM 15-06-2016
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 67 ലക്ഷം രൂപയുടെ വിദേശ കറന്‍സി കസ്റ്റംസ് എയര്‍ ഇന്റലിജെന്‍സ് വിഭാഗം പിടികൂടി.ഇന്നലെ പുലര്‍ച്ചെ നാലിന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ദുബായിയിലേക്ക് പുറപ്പെട്ട ഇ.കെ 533 നമ്പര്‍ എമിറെറ്റ്സ് വിമാനത്തില്‍ പോകാനെത്തിയ തൃശ്ശൂര്‍ എരുമപ്പെട്ടി സ്വദേശി മുനീര്‍(40) ആണ് കസ്റ്റംസിന്റെ പിടിയിലായത്.ലഗേജില്‍ ഒളിപ്പിച്ചാണ് വിദേശ കറന്‍സി കടത്താന്‍ ശ്രമിച്ചത്. ദുബായ്, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാനെത്തുന്ന യാത്രക്കാരെ പ്രത്യേകമായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ രഹസ്യ നിരീക്ഷണം നടത്തിവരാറുണ്ട്.ഇത്തരത്തില്‍ നിരീക്ഷണത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ബാഗേജ് തുറന്ന് പരിശോധിച്ചപ്പോഴാണ് കറന്‍സി കണ്ടെത്തിയത്. ബാഗിനകത്ത് പ്രത്യേക അറയുണ്ടാക്കി അതിനകത്താണ് കറന്‍സി ഒളിപ്പിച്ചിരുന്നത്. കുവൈറ്റ്, സൗദി, ഒമാന്‍, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സിയാണ് ലഗേജില്‍ വിദഗ്ദമായി ഒളിപ്പിച്ചിരുന്നത്. ആകെ 67,05,380 രൂപയ്ക്ക് തുല്യമായ വിദേശ കറന്‍സി പിടിച്ചെടുത്തതായി കസ്റ്റംസ് വൃത്തങ്ങള്‍ പറഞ്ഞു.വിദേശത്ത് ബിസിനസ് ആവശ്യങ്ങള്‍ക്കായിട്ടാണ് ഇത്രയും വലിയ തുക കൈവശം വച്ചതെന്നാണ് പിടിയിലായ മുനീര്‍ കസ്റ്റംസിന് മൊഴി നല്‍കിയിട്ടുള്ളത്.ഇയാള്‍ക്കെതിരെ വിദേശ കറന്‍സി വിനിമയ നിയമപ്രകാരം കേസെടുത്തു.ഇയാളെ കസ്റ്റംസ് വിശദമായി ചോദ്യംചെയ്ത് വരികയാണ്.ഇയാള്‍ക്ക് ഏതെങ്കിലും സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.സാധാരണയായി ഹവാല ഇടപാടിലൂടെ വിദേശ കറന്‍സി ഗള്‍ഫിലേക്ക് കടത്തുന്നത് ഈ തുക ഉപയോഗിച്ച് ഗള്‍ഫില്‍ നിന്നും സ്വര്‍ണം വാങ്ങി ഇന്ത്യയിലേക്ക് കടത്താനാണ്.