വിമാനത്തിൽ പ്രസവം: കുഞ്ഞിന് 10 ലക്ഷം മൈൽ സൗജന്യയാത്ര.

07: 30 PM 19/08/2016
download
ഹൈദരാബാദ്: കഴിഞ്ഞ ദിവസം ദുബൈയിൽ നിന്ന് മനിലയിലേക്ക് പോകുകയായിരുന്ന വിമാനം അടിയന്തിരമായി ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലിറക്കി. യാത്രക്കിടെ 32 കാരി കുഞ്ഞിന് ജൻമം നൽകിയതിനാലായിരുന്നു ആ അടിയന്തര ലാൻഡിങ്. സ്വകാര്യ ആശുപത്രിയിൽ ആരോഗ്യവതിയായി കഴിയുന്ന കുഞ്ഞിന് സെബു വിമാനക്കമ്പനി പിറന്നാൾ സമ്മാനം നൽകി. തങ്ങളുടെ വിമാനത്തിൽ വെച്ച് ജനിച്ചതിനാൽ 10 ലക്ഷം മൈൽ സൗജന്യയാത്രയാണ് കമ്പനിയുടെ സമ്മാനം.

ആഗസ്റ്റ് 14നാണ് പറക്കുന്ന വിമാനത്തിൽ യാത്രക്കാരി കുഞ്ഞിന് ജന്മം നൽകിയത്. ഉടൻ തന്നെ വിമാനം ഹൈദരാബാദിൽ ഇറക്കുകയായിരുന്നു. ഈ കുഞ്ഞിന് ‘ഹവൻ’ എന്നാണ് പേരിട്ടത്. തങ്ങളുടെ വിമാനത്തിൽ വെച്ച് ജനിക്കുന്ന ആദ്യ കുഞ്ഞാണ് ഹവൻ എന്നും വിമാനത്തിന്‍റെ പാരിതോഷിക പദ്ധതി പ്രകാരമാണ് യാത്രാ സൗജന്യം നൽകുന്നതെന്നും സെബു കമ്പനി മേധാവി ലാൻസ് ഗോകോന്ഡഗോയി അറിയിച്ചു.