വിരമിച്ചില്ലായിരുന്നെങ്കില്‍ സചിനെ പുറത്താക്കുമായിരുന്നു’

08:54 AM 23/09/2016
images (3)
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍കറെ ഇന്ത്യന്‍ ടീമില്‍നിന്ന് പുറത്താക്കുന്നതിനെക്കുറിച്ച് ആരാധകര്‍ക്ക് ആലോചിക്കാന്‍പോലും കഴിയാത്ത കാര്യമാണ്. എന്നാല്‍, സചിനെ പുറത്താക്കുന്നതിനെക്കുറിച്ച് സെലക്ടര്‍മാര്‍ ആലോചിച്ചിരുന്നുവെന്ന് സന്ദീപ് പാട്ടീല്‍ പറയുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍െറ മുഖ്യ സെലക്ടര്‍ സ്ഥാനത്തുനിന്ന് പടിയിറങ്ങിയശേഷമാണ് പാട്ടീലിന്‍െറ വെളിപ്പെടുത്തല്‍. സചിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചില്ലായിരുന്നെങ്കില്‍ ഉറപ്പായും പുറത്താക്കുമായിരുന്നെന്നും പാട്ടീല്‍ വ്യകത്മാക്കി.

പാട്ടീല്‍ പറയുന്നു- ‘സചിന്‍െറ മോശം ഫോമിനെക്കുറിച്ചും വിരമിക്കലിനെക്കുറിച്ചും മാധ്യമങ്ങളില്‍ ചര്‍ച്ച വന്നതോടെ 2012 ഡിസംബര്‍ 12ന് ഞങ്ങള്‍ സചിനുമായി കൂടിക്കാഴ്ച നടത്തി. എന്താണ് സചിന്‍െറ ഭാവി പരിപാടി എന്ന് ഞങ്ങള്‍ ചോദിച്ചു. വിരമിക്കുന്നതിനെക്കുറിച്ച് തന്‍െറ മനസ്സിലില്ളെന്നായിരുന്നു മറുപടി. സചിനെ ടീമില്‍നിന്ന് ഒഴിവാക്കാനാണ് സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനമെന്ന് അദ്ദേഹത്തെ അറിയിച്ചു. കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുകയും ചെയ്തു. അടുത്ത യോഗത്തിനുമുമ്പ് സചിന്‍ വിളിക്കുകയും വിരമിക്കല്‍ പ്രഖ്യാപിക്കാമെന്ന് അറിയിക്കുകയും ചെയ്തു’.

എന്നാല്‍, സചിന്‍െറ ആവശ്യപ്രകാരമാണോ വിരമിക്കല്‍ ടെസ്റ്റിന് വെസ്റ്റിന്‍ഡീസിനെ എതിരാളികളാക്കിയതെന്ന ചോദ്യത്തില്‍നിന്ന് പാട്ടീല്‍ ഒഴിഞ്ഞുമാറി. സെലക്ടര്‍മാര്‍ക്കും ബി.സി.സി.ഐക്കുമിടയില്‍ ചില കാര്യങ്ങള്‍ രഹസ്യമായുണ്ട്. അത് പുറത്തുപറയാന്‍ കഴിയില്ളെന്നായിരുന്നു പാട്ടീലിന്‍െറ മറുപടി.
അതേസമയം, ധോണിയെ ടെസ്റ്റ് നായകസ്ഥാനത്തുനിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ച് പലതവണ തങ്ങള്‍ ആലോചിച്ചിരുന്നതായി പാട്ടീല്‍ പറഞ്ഞു. ധോണിയുടെ വിരമിക്കല്‍ ശരിക്കും ഞെട്ടിച്ചു. യുവരാജ്, ഗംഭീര്‍ ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങളെ പുറത്താക്കിയതില്‍ ധോണിക്ക് യാതൊരു പങ്കുമില്ല. ഇത് സെലക്ടര്‍മാരുടെ തീരുമാനമായിരുന്നുവെന്നും പാട്ടീല്‍ പറഞ്ഞു.