വിര്‍ജീനിയ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍

08:21am 27/4/2016

Newsimg1_73880621
വിര്‍ജീനിയ: അലക്‌സാണ്ട്രിയായിലുള്ള സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഇടവകയിലെ വലിയ പെരുന്നാളും ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും സംയുക്തമായി ഏപ്രില്‍ 22, 23 തീയതികളില്‍ നടത്തപ്പെട്ടു. മലങ്കര അതിഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനി മുഖ്യകാര്‍മികനായി പെരുന്നാള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

23-നു ശനിയാഴ്ച പെരുന്നാള്‍ കുര്‍ബാന മധ്യേ നടത്തിയ പ്രസംഗത്തില്‍ ദൈവമാതാവ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ക്രിസ്തീയ ദേവാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ളത് മാര്‍ ഗീവര്‍ഗീസ് സഹദായുടെ പേരിലാണെന്നും അദ്ദേഹത്തിന്റെ മദ്ധ്യസ്ഥത വിശ്വാസികള്‍ ആശ്രയിക്കുന്നതിന്റെ വ്യാപ്തിയും ശക്തിയും അതില്‍ നിന്നുതന്നെ മനസിലാക്കാവുന്നതാണെന്നും തിരുമേനി പറഞ്ഞു. നിഖ്യാസുന്നഹദോസിനു മുമ്പുതന്നെ വിശുദ്ധന്റെ നാമത്തില്‍ ദേവാലയങ്ങള്‍ ഉണ്ടായിരുന്നതിന് ചരിത്രരേഖകള്‍ അനവധിയാണ്- മെത്രാപ്പോലീത്ത അനുസ്മരിച്ചു. വിശ്വാസികള്‍ പരസ്പരവും വൈദീകസ്ഥാനികള്‍ വഴിയും പ്രാര്‍ത്ഥനയിലൂടെ ദൈവത്തിരുമുമ്പാകെ അപേക്ഷകളും ആരാധനയും ദൈവഹിതത്തിനായി അര്‍പ്പിക്കുന്ന പ്രകാരം വിശുദ്ധന്മാരുടെ ദൈവസാമീപ്യം അവരുടെ മദ്ധ്യസ്ഥത മുഖാന്തിരം ഏവര്‍ക്കും സഹായകരമായിത്തീരട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

വികാരി റവ.ഡോ. വര്‍ഗീസ് മാനിക്കാട്ട്, റവ.ഡോ. പോള്‍ പറമ്പത്ത്, റവ.ഫാ. ആന്ത്രയോസ്, വെരി റവ. ജോസഫ്, വെരി റവ. എല്‍ദോസ് തുടങ്ങിയ വൈദീകര്‍ സഹകാര്‍മികരായിരുന്നു. കുര്‍ബാനയെതുടര്‍ന്ന് മുത്തുക്കുട, മേക്കട്ടി, കൊടിതോരണങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ നടത്തിയ പ്രദക്ഷിണം ഭക്തിനിര്‍ഭരമായ സമര്‍പ്പണഗീതങ്ങളാല്‍ അനുഗ്രഹീതമായി.

സമീപ പ്രദേശത്തെ സഹോദര ഇടവകകളില്‍ നിന്നും അനേകം വിശ്വാസികള്‍ പെരുന്നാളില്‍ സംബന്ധിക്കുവാന്‍ എത്തിയിരുന്നു. സെക്രട്ടറി രാജീവ് പാടത്ത്, ട്രഷറര്‍ ഡോ. സിനു ജോണ്‍, വൈസ് പ്രസിഡന്റ് പ്രസാദ് ചാക്കോ തോമസ്, റെജി ചെറിയാന്‍, എല്‍ദോ ദാനിയേല്‍ തുടങ്ങിയവര്‍ പെരുന്നാളിന് അഭിനന്ദനീയമായി പ്രവര്‍ത്തിച്ചു. ഇടവകാംഗങ്ങള്‍ ഈവര്‍ഷത്തെ പെരുന്നാള്‍ ഏറ്റുകഴിച്ചു. സ്‌നേഹവിരുന്ന്, പെരുന്നാള്‍ ലേലം എന്നിവയോടെ ഈവര്‍ഷത്തെ പെരുന്നാളിന് സമാപനം കുറിച്ചു.
Picture2