വിലക്കയറ്റം നിയന്ത്രിക്കാന്‍ ഖത്തറില്‍ കര്‍ശന നടപടി

01.10 AM 09-09-2016
Qatar_Market_760x400ദോഹ: അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ഖത്തര്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. ഇതിന്റെ ഭാഗമായി മുപ്പത്തിയഞ്ചോളം അവശ്യസാധനങ്ങള്‍ ഇടനിലക്കാരില്ലാതെ വ്യാപാരികളിലേക്കെത്തിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി.ഇറച്ചി ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളില്‍ ഇടനിലക്കാരുടെ കുത്തക അവസാനിപ്പിച്ച് വ്യാപാരികള്‍ക്ക് നേരിട്ട് ഇറക്കുമതിചെയ്യാന്‍ അനുവാദം നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
ഇതിന്റെ ഭാഗമായി മുപ്പത്തിയഞ്ചോളം അവശ്യസാധനങ്ങളാണ് ഇടനിലക്കാരുടെ പട്ടികയില്‍നിന്ന് ഒഴിവാക്കിയത്. വിപണിയില്‍ മത്സരം ഉറപ്പുവരുത്തി വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഇതുവഴി കഴിയുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഈ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ നേരത്തെ 420 ഏജന്റുമാര്‍ക്ക് നല്‍കിയിരുന്ന കുത്തകാവകാശം റദ്ദ്‌ചെയ്യും.
കോഴി ഇറച്ചി, മറ്റ് ഇറച്ചി ഉല്‍പന്നങ്ങള്‍, മുട്ട, അരി, ധാന്യപ്പൊടികള്‍, മല്‍സ്യം, സീഫുഡ്, തേയില, കാപ്പി തുടങ്ങിയ 35 ഇനങ്ങള്‍ക്ക് ഇതോടെ വിലകുറയും. ആസൂത്രണമന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍പ്രകാരം അവശ്യവസ്തുക്കളുടെ വിലകഴിഞ്ഞവര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍തോതില്‍ ഉയര്‍ന്നതായി കണ്ടെത്തിയിരുന്നു. 2016 ലെ 24ാം നിയമപ്രകാരമാണ് സാധാരണക്കാര്‍ക്ക് ഏറെ ഉപകാരപ്രദമായ പുതിയ നീക്കത്തിന് സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയത്.