വിസാ നിയമം ലഘൂകരിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ബ്രിട്ടന്‍ തള്ളി

01.29 AM 08/11/2016
image_760x400 (1)
ദില്ലി: വിസ നിയമം ലഘൂകരിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ബ്രിട്ടന്‍ തള്ളി. വിസാ ക്വാട്ട ഉയര്‍ത്താനാകില്ലെന്ന് ഇന്ത്യ-ബ്രിട്ടന്‍ സാങ്കേതിക ഉച്ചകോടിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. തീവ്രവാദത്തിനെതിരെ ഒരുമിച്ച് പോരാടാൻ ഇന്ത്യ-ബ്രിട്ടന്‍ ഉഭയകക്ഷി ചര്‍ച്ചയിൽ തീരുമാനമായി.വിസ അപേക്ഷകര്‍ക്കായി നല്ല സംവിധാനമാണ് ബ്രിട്ടിലുള്ളതെന്ന് വ്യക്തമാക്കിയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് വിസ ക്വാട്ട കൂട്ടണമെന്ന ഇന്ത്യയുടെ ആവശ്യം നിരസിച്ചത്.
ഇന്ത്യയിൽ നിന്നുള്ള 10 വിസ അപേക്ഷയിൽ ഒമ്പതും സ്വീകരിക്കുന്നുണ്ടെന്നും ക്വാട്ട ഇനിയും ഉയർത്താനാകില്ലെന്നും തെരേസ മേയ് പറഞ്ഞു. എന്നാൽ ഇന്ത്യൻ വ്യവസായികൾക്ക് ബ്രിട്ടനിലെത്താനായി വിസ നടപടിക്രമങ്ങൾ ലഘൂകരിക്കും. വിസ നിയമം കര്‍ശനമാക്കിയതിനാൽ ബ്രിട്ടനിലേക്ക് പഠിക്കാൻ പോകുന്ന ഇന്ത്യൻ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞ വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞെങ്കിലും തെരേസ വഴങ്ങിയില്ല.
അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിനും സൈബര്‍ തീവ്രവാദത്തിനുമെതിരെ ഇരു രാജ്യങ്ങളും കൈകോര്‍ക്കും. വ്യാപാര വാണിജ്യ മേഖലയിലെ സഹകരണം ശക്തമാക്കുന്നതിന് രണ്ട് കരാറുകളിൽ ഇന്ത്യയും ബ്രിട്ടനും ഒപ്പുവച്ചു. ബൗദ്ധിക സ്വത്തിനെകുറിച്ചുള്ള വിവരങ്ങളും ആശയങ്ങളും കൈമാറുന്നതിനും ധാരണയായി. മെയ്ക്ക് ഇൻ ഇന്ത്യ, ഡ‍ിജിറ്റൽ ഇന്ത്യ, സ്മാര്‍ട്സിറ്റി പദ്ധതികൾക്ക് ബ്രിട്ടന്‍ എല്ലാ സഹായവും നൽകും . ചൊവ്വാഴ്ച ബംഗളൂരുവിലെത്തുന്ന തെരേസ മേയ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരമായ്യയുമായി കൂടിക്കാഴ്ച നടത്തും.