വി.എസിനു മുന്നില്‍ അലമുറയിട്ട് രാജേശ്വരി; കഴിവില്ലാത്ത മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുമെന്ന് വി.എസ്

03:10pm 4/5/2016
download (2)

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട നിയമവിദ്യാര്‍ത്ഥി ജിഷയുടെ മാതാവ് രാജേശ്വരിയേയും സഹോദരിയേയും പ്രതിപക്ഷ നേതാവ് കാണാനെത്തിയത് വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കിടയാക്കി. വി.എസിനുമുന്നില്‍ അലമുറയിട്ട രാജേശ്വരി പാവങ്ങള്‍ക്ക് ഈ നാട്ടില്‍ നീതിയില്ലേയെന്നും തന്റെ മകളുടെ കൊലപാതകി എന്നെങ്കിലും നിയമത്തിനു മുന്നില്‍ വരുമോ എന്നും ചോദിച്ചു.
ആശുപത്രിയില്‍ നിന്നും പുറത്തേക്കിറങ്ങിയ വി.എസ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും പോലീസിനുമെതിരെ കടുത്ത വിമര്‍ശമാണ് അഴിച്ചുവിട്ടത്. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ പോലീസും പറയുന്നത് സത്യവുമായി പുലബന്ധമുള്ളതല്ല. സംഭവം നടന്ന് അഞ്ചോ ആറോ ദിവസം കഴിഞ്ഞാണ് പോലീസ് അന്വേഷണത്തിന് തയ്യാറാകുന്നത്. മൃഗീയമായ ബലാത്സംഗവും കൊലയും നടന്നിട്ട് മുഖ്യമന്ത്രിയും പോലീസും പറയുന്നത് ആര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന കാര്യങ്ങളല്ലെന്നും വി.എസ് പറഞ്ഞു.
കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ‘വരട്ടെ, കാണാമല്ലോ, നമ്മുക്കതില്‍ സന്തോഷിക്കാമല്ലോ, അങ്ങനെകഴിവുള്ള മുഖ്യമന്ത്രിയാണ് നാടുഭരിക്കുന്നതെങ്കില്‍ ഇത്തം തെമ്മാടിത്തരങ്ങള്‍ നാട്ടില്‍ നടക്കുമോ?’ എന്നായിരുന്നു വി.എസിന്റെ മറുപടി.
നിലവിലെ അന്വേഷണ സംഘത്തിന് പ്രതിയെ പുറത്തുകൊണ്ടുവരാന്‍ കഴിയില്ല. പുതിയ ടീമിനെ വച്ച് അന്വേഷണം നടത്തണം. അതിനുള്ള ആത്മാര്‍ഥത സര്‍ക്കാരിനുണ്ടോ? മുഖ്യമന്ത്രി തന്നെ ഇവിടെ വന്ന് പത്രക്കാരെയെല്ലാം ആട്ടിയോടിക്കുകയല്ലേ ചെയ്തതെന്നും വി.എസ് ചോദിച്ചു.