വി.എസ് പാര്‍ട്ടി വിരുദ്ധന്‍ :പിണറായി

02:22pm 20/04/2016
download (4)
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി വിരുദ്ധനാണെന്ന സി.പി.എം സെക്രട്ടറിയേറ്റ് പ്രമേയം നില നില്‍ക്കുന്നുണ്ടെന്ന് പിണറായി വിജയന്‍ . വാര്‍ത്താ ലേഖകരുടെ ചോദ്യത്തിനാണ് അദ്ദേഹം ഇങ്ങിനെ മറുപടി നല്‍കിയത്. ആലപ്പുഴ സമ്മേളന തലേന്ന് വി.എസിനെതിരായ പാര്‍ട്ടി പ്രമേയം പിണറായി വിജയനാണ് വാര്‍ത്താ സമ്മേളനത്തില്‍ അവതരിപ്പിച്ചത്. പാര്‍ട്ടി വിരുദ്ധ മനോഭാവം ഉള്ളയാള്‍ എന്ന് വി.എസിനെ പ്രമേയത്തില്‍ വിശേഷിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വി.എസ് സമ്മേളനം ബഹിഷ്‌കരിക്കുകയുണ്ടായി. ഈ പ്രമേയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം.

പ്രമേയം നിലനില്‍ക്കുന്നുണ്ടെന്ന് പിണറായി മറുപടി നല്‍കി. പാര്‍ട്ടി തീരുമാനവും നിലപാടും നിലനില്‍ക്കുന്നതാണ്. ഏതെങ്കിലും ഘട്ടത്തില്‍ അത് ഇല്ലാതാവുകയോ തള്ളിക്കളയുകയോ ചെയ്യുന്നില്ല. മാറ്റമുണ്ടെങ്കില്‍ നിങ്ങളെ അറിയിക്കുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി വിരുദ്ധനെ എന്തിനു സ്ഥാനാര്‍ഥിയാക്കി എന്ന ചോദ്യത്തിന് വി. എസിന്റെ സ്ഥാനാര്‍ഥിത്വവും പാര്‍ട്ടി പ്രമേയവും രണ്ടാണെന്നായിരുന്നു ഉത്തരം. അതു തമ്മില്‍ കൂട്ടിക്കുഴക്കേണ്ട. വി.എസും സ്ഥാനാര്‍ഥി ആകണമെന്ന് പാര്‍ട്ടി തീരുമാനിച്ചതാണ്. അല്ലാതെ വി.എസ് സ്വയം തീരുമാനിച്ച് സ്ഥാനാര്‍ഥി ആയതല്ല. പിണറായി വ്യക്തമാക്കി.

പാര്‍ട്ടി നിലപാട് നില നില്‍ക്കുന്ന സാഹചര്യത്തില്‍ വി.എസിനെതിരെ നടപടി ഉണ്ടാകുമോ എന്ന ചോദ്യത്തിന് പാര്‍ട്ടി നന്നാകണമെന്ന ആഗ്രഹത്തോടെയല്ലല്ലോ നിങ്ങള്‍ ഈ ചോദിക്കുന്നതെന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു. ഞങ്ങള്‍ക്ക് പാര്‍ട്ടി നന്നാകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

യു.ഡി.എഫിന്റെയും കോണ്‍ഗ്രസിന്റെയും മദ്യവിരുദ്ധത തട്ടിപ്പാണ്. മദ്യ നിരോധത്തിന്റെ വക്താക്കളായി അവര്‍ അഭിനയിക്കുകയാണ്. ബാറുകള്‍ അടച്ചിട്ടും മദ്യം കുറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകത്തില്‍ നിരോധമില്ല. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ അവിടെ ഉണ്ടായിരുന്ന മ മദ്യ നിരോധം എടുത്തു കളയുകയാണ് ചെയ്തത്. മദ്യ വര്‍ജനമാണ് സി പി എമ്മിന്റെ നയം. മദ്യം പൂര്‍ണമായി നിരോധിക്കാന്‍ കഴിയില്ല. അങ്ങിനെ ചെയ്താല്‍ കെടുതികള്‍ ഉണ്ടാകും. 10 കൊല്ലം കൊണ്ട് മദ്യ നിരോധം കൊണ്ടു വരുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഈ സഹസ്രാബ്ദം പൂര്‍ത്തിയായാലും അതു കൊണ്ടു വരാന്‍ അവര്‍ക്ക് കഴിയില്ല. ഈ വിഷയത്തില്‍ കോണ്‍ഗ്രെസിന്റെയും യു.ഡി.എഫിന്റെയും കാപട്യം വ്യക്തമാണ്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നാല്‍ അപ്പോള്‍ പ്രഖ്യാപിക്കേണ്ടതാണ് മദ്യനയം. ചാരായ നിരോധം ഞങ്ങള്‍ പിന്‍വലിക്കുമെന്ന് ആന്റണി അടക്കം പ്രചരിപ്പിച്ചതാണ്. എന്നിട്ട് ഞങ്ങള്‍ പിന്‍വലിച്ചോ? അടച്ച ബാറുകള്‍ തുറക്കില്ലെന്ന യെച്ചൂരിയുടെ പ്രസ്താവന ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ സര്‍ക്കാര്‍ വന്ന ശേഷം ആവശ്യമെങ്കില്‍ സീതാറാം പറഞ്ഞത് അപ്പോള്‍ ആലോചിക്കുമെന്ന് പിണറായി പ്രതികരിച്ചു