വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാള്‍ ശ്രേഷ്ഠ ബാവയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു –

09:44 pm 18/9/2016

ബിജു ചെറിയാന്‍
Newsimg1_20681414
ന്യൂജേഴ്‌സി: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കീഴിലുള്ള, മലങ്കര ആര്‍ട്ട് ഡയോസിസില്‍ ഉള്‍പ്പെട്ട വാണാക്യൂ സെന്റ് ജയിംസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദൈവാലയത്തില്‍ വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാള്‍, ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ പ്രധാന കാര്‍മികത്വത്തിലും, ഭദ്രാസന മെത്രാപ്പോലീത്ത യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ സഹകാര്‍മികത്വത്തിലും, ബഹു. വൈദീകരുടേയും, വിശ്വാസി സമൂഹത്തിന്റേയും സാന്നിധ്യത്തിലും ഭക്ത്യാദരപൂര്‍വ്വം ആചരിച്ചു.

സെപ്റ്റംബര്‍ ഏഴാം തീയതി വൈകുന്നേരം 7 മണിക്ക് ദൈവാലയത്തില്‍ എത്തിച്ചേര്‍ന്ന ശ്രേഷ്ഠ ബാവയേയും, മെത്രാപ്പോലീത്തയേയും പരമ്പരാഗതരീതിയില്‍ വീദ്യമേളങ്ങളുടെ അകമ്പടിയോടെ പള്ളിയിലേക്ക് സ്വീകരിച്ച് ആനയിച്ചു. സന്ധ്യാപ്രാര്‍ത്ഥനയ്ക്കുശേഷം ശ്രേഷ്ഠ ബാവാ തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തിലും, അഭി. മോര്‍ തീത്തോസ് തിരുമേനിയുടെ സഹകാര്‍മികത്വത്തിലും വി. കുര്‍ബാനയും തുടര്‍ന്നു വി. ദൈവമാതാവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും നടന്നു.

വി. ദൈവമാതാവിന്റെ ജീവിതത്തില്‍ ഉണ്ടായിരുന്ന എളിമയുടേയും, താഴ്മയുടേയും, പ്രാര്‍ത്ഥനാജീവിതത്തിന്റേയും പ്രധാന്യത്തെ അധികരിച്ച് ശ്രേഷ്ഠ ബാവയും, ഭദ്രാസന മെത്രാപ്പോലീത്തയും കല്‍പ്പിച്ച് സംസാരിച്ചു. ഇടവകാംഗങ്ങള്‍ ദൈവാലയത്തില്‍ സമര്‍പ്പിച്ച വി. ദൈവമാതാവിന്റേയും, വി. യാക്കോബ് ശ്ശീഹയുടേയും, ഗീവര്‍ഗീസ് സഹദ, മഞ്ഞനിക്കര ബാവ, കോതമംഗലം ബാവ, പരുമല തിരുമേനി എന്നീ വിശുദ്ധരുടെ ഛായാചിത്രങ്ങള്‍ ശ്രേഷ്ഠ ബാവയും, മോര്‍ തീത്തോസ് തിരുമേനിയും ചേര്‍ന്നു അനാച്ഛാദനം ചെയ്തു. ഇടവകയുടെ ചരിത്രം രേഖപ്പെടുത്തിയ കാര്‍ഡ് ശ്രേഷ്ഠ ബാവ, ഭദ്രാസന മെത്രാപ്പോലീത്തയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. ഇടവകയുടെ ഒമ്പതാമത് വാര്‍ഷികം കേക്ക് മുറിച്ച് ശ്രേഷ്ഠ ബാവ നിര്‍വഹിച്ചു. ആശീര്‍വാദം, നേര്‍ച്ചവിളമ്പ്, സ്‌നേഹവിരുന്ന് എന്നിവയോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമംഗളം സമാപിച്ചു.

ഭദ്രാസന സെക്രട്ടറി ഫാ. വര്‍ഗീസ് ജേക്കബ് ചാലിശേരി, വൈദീകരായ ഫാ. വര്‍ഗീസ് പോള്‍, ഫാ.ഷാനു, ഫാ. ബിജോ മാത്യു, ഫാ. സാജന്‍ ജോണ്‍, ഭദ്രാസന ജോയിന്റ് ട്രഷറര്‍ സിമി ജോസഫ്, സഹോദരി ഇടവകകളിലെ വിശ്വാസികള്‍ തുടങ്ങി നിരവധി ആളുകള്‍ പെരുന്നാള്‍ ചടങ്ങുകളില്‍ സംബന്ധിച്ചു. ഇടവക വികാരി ഫാ. ആകാശ് പോള്‍, വൈസ് പ്രസിഡന്റ് പൗലോസ് കെ. പൈലി, സെക്രട്ടറി രഞ്ചു സഖറിയ, ട്രസ്റ്റി എല്‍ദോ വര്‍ഗീസ്, കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
– See more at: http://www.joychenputhukulam.com/newsMore.php?newsId=59468&content=%E0%B4%B5%E0%B4%BF._%E0%B4%A6%E0%B5%88%E0%B4%B5%E0%B4%AE%E0%B4%BE%E0%B4%A4%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%9C%E0%B4%A8%E0%B4%A8%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%B3%E0%B5%8D%E2%80%8D_%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%87%E0%B4%B7%E0%B5%8D%E0%B4%A0_%E0%B4%AC%E0%B4%BE%E0%B4%B5%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86#sthash.CI9LLBoU.dpuf