വി ഷെയര്‍ യു വെയര്‍ പദ്ധതിക്ക് തുടക്കം കുറിച്ചു

03:13pm 13/4/2016
പി.പി.ചെറിയാന്‍
unnamed
ഹൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേമ്പര്‍ ഓഫ് കോമേഴ്‌സും കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായി വിഭാവനം ചെയ്ത ‘വി ഷെയര്‍ യു വെയര്‍’ വസ്ത്രദാന പദ്ധതിയുടെ ഔദ്യോഗീക ഉല്‍ഘാടനം സ്റ്റാഫോഡ് ചേമ്പര്‍ ഓഫ് കോമേഴ്‌സ് കോര്‍പ്പറേറ്റ് ഓഫീസില്‍ ഏപ്രില്‍ 5 ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തില്‍ ഫാ.ഡേവിഡ് ചിറമ്മല്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ ചേമ്പര്‍ പ്രസിഡന്റ് ഫിലിപ്പ് കൊച്ചുമ്മന്‍ അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥികളായി പങ്കെടുത്ത ഫെഡറേഷന്‍ ചെയര്‍മാന്‍ ചിറമ്മലച്ചനേയും, ചേമ്പര്‍ മുന്‍ പ്രസിഡന്റും, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ജനറല്‍ സെക്രട്ടറിയും ആഴ്ചവട്ടം ചീഫ് എഡിറ്ററുമായ ഡോ.ജോര്‍ജ്ജ് കാക്കനാടിനേയും യോഗാദ്ധ്യക്ഷന്‍ സദസ്സിന് പരിചയപ്പെടുത്തി. സാമ്പത്തിക പരാധീനത മൂലം ഡയാലിസ്സിന് വിധേയരാകാന്‍ കഴിയാത്ത രോഗികള്‍ക്ക് ആശ്വാസമേകുവാന്‍ ചിറമ്മലച്ചന്‍ നടത്തുന്ന നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് ചേമ്പറിന്റെ പൂര്‍ണ്ണ പിന്തുണ പ്രസിഡന്റ് വാഗ്ദാനം ചെയ്തു. തുടര്‍ന്ന് പദ്ധതിയുടെ ഉല്‍ഘാടന കര്‍മ്മം ചിറമ്മലച്ചന്‍ നിര്‍വ്വഹിച്ചു.

പ്രവാസികളായി അമേരിക്കയില്‍ എത്തിചേര്‍ന്ന മലയാളികള്‍ സന്തോഷരമായ ജീവിതം നയിക്കുമ്പോള്‍ തന്നെ തങ്ങളുടെ വീടുകളിലെ ക്ലോസ്സറ്റുകളില്‍ ഉപയോഗിക്കാതെ നിറഞ്ഞു കിടക്കുന്ന വസ്ത്രങ്ങളില്‍ ചിലതെങ്കിലും കേരളത്തില്‍ ഉടുതുണിക്ക് മറു തുണിയില്ലാതെ കഴിയുന്നവര്‍ക്ക് നല്‍കുവാന്‍ തയ്യാറായാല്‍ വസ്ത്രദാന പദ്ധതി വന്‍ വിജയമാക്കുവാന്‍ കഴിയുമെന്ന് ആശംസാ സന്ദേശത്തില്‍ ഡോ. ജോര്‍ജ്ജ് കാക്കനാട് അഭിപ്രായപ്പെട്ടു. ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് ട്രഷറര്‍ സണ്ണി കാരിക്കല്‍ അവതരിപ്പിച്ചു.

ചേമ്പറിന്റെ സഹകരണത്തിനും, സേവനങ്ങള്‍ക്കും മറുപടി പ്രസംഗത്തില്‍ ചിറമ്മലച്ചന്‍ പ്രത്യേകം നന്ദി പറഞ്ഞു. പ്രോംപറ്റ് ഡി.ഇ.ഓ. ജോണ്‍ വര്‍ഗീസ് വസ്ത്രദാന പദ്ധതിക്ക് പൂര്‍ണ്ണ സഹകരണം വാഗ്ദാനം ചെയ്തു.

സെക്രട്ടറി ജോര്‍ജ്ജ് കോളച്ചേരില്‍ സ്വാഗതവും, ബേബി മണിക്കുന്നേല്‍ നന്ദിയും പറഞ്ഞു. ജിജു കുളങ്കര, ജിജി ഓലിക്കല്‍, രമേഷ് അത്യാടി, സഖറിയ കോശി, ബേബി മണികുന്നേല്‍, ജോര്‍ജ്ജ് ഈപ്പന്‍, എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മറ്റിയാണ് സമ്മേളനം വിജയിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത്.