വീടിനുപുറത്ത് പശുവിനെ ചത്തനിലയിൽ കണ്ടത്തിനെ തുടർന്നു നാട്ടുക്കാർ വീട്ടുടമസ്ഥനെ മർദ്ദിച്ചു.

06:25 pm 28/6/2017

റാഞ്ചി: ജാർഖണ്ഡിലെ ദിയോരിയിൽ വീടിനുപുറത്ത് പശുവിനെ ചത്തനിലയിൽ കണ്ടത്തിനെ തുടർന്നു നാട്ടുക്കാർ വീട്ടുടമസ്ഥനെ മർദ്ദിച്ചു. വീട്ടുടമസ്ഥൻ ഉസ്മാൻ അൻസാരിയെ മർദ്ദിച്ച നാട്ടുകാർ പിന്നീട് വീടിനു തീവയ്ക്കുകയും ചെയ്തു. അൻസാരിയുടെ വീടിനു സമീപം പശുവിന്‍റെ ജഡം കണ്ടതിനെ തുടർന്ന് ഒരു സംഘം ആളുകൾ ആക്രമണം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കൃത്യസമയത്ത് സംഭവസ്ഥലത്ത് എത്തിയ പോലീസ് സംഘമാണ് അൻസാരിയെയും കുടുംബത്തേയും രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ച പോലീസിനു നേരെ നാട്ടുകാർ കല്ലേറ് നടത്തുകയും ചെയ്തു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് ആകാശത്തേയ്ക്ക് നിരവധി തവണ നിറയൊഴിച്ചതായി പോലീസ് മേധാവി ആർ.കെ. മല്ലിക് പറഞ്ഞു.

പോലീസ് വെടിവയ്പ്പിൽ രണ്ടു പേർക്കു പരിക്കേറ്റു. നാട്ടുകാരുടെ കല്ലേറിൽ 50 പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടർന്നു ഗ്രാമത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയതായും പോലീസ് മേധാവി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.