വീണ്ടും യുവരാജ്; രഞ്ജിയിൽ ഇരട്ടസെഞ്ചുറി

02.16 AM 31/10/2016
yuvi_3010
ന്യൂഡൽഹി: രഞ്ജി ട്രോഫിയിൽ യുവരാജ് സിംഗിന്റെ തകർപ്പൻ പ്രകടനം തുടരുന്നു. ബറോഡയ്ക്കെതിരായ മത്സരത്തിൽ ഇരട്ടസെഞ്ചുറി നേടിയാണ് യുവി വീണ്ടും ശ്രദ്ധനേടുന്നത്. 260 റൺസാണ് യുവി അടിച്ചുകൂട്ടിയത്. 370 പന്തിൽനിന്ന് 26 ബൗണ്ടറികളുടെയും നാലു സിക്സറിന്റെയും അകമ്പടിയോടെയായിരുന്നു യുവിയുടെ നേട്ടം.

ബറോഡയുടെ 529 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോർ പിന്തുടർന്ന പഞ്ചാബ് 670 റൺസെടുത്തു. മത്സരം സമനിലയിലായെങ്കിലും ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ ബലത്തിൽ മൂന്നു പോയിന്റ് നേടാൻ പഞ്ചാബിന് കഴിഞ്ഞു. യുവരാജിനു പുറമേ മന്നൻ വോറയും പഞ്ചാബ് ഇന്നിംഗ്സിൽ ഇരട്ടസെഞ്ചുറി നേടി. 224 റൺസ് നേടിയാണ് വോറ പുറത്തായത്. മൂന്നാം വിക്കറ്റിൽ യുവരാജും വോറയും ചേർന്ന് 343 റൺസ് കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരക്കുളള ഇന്ത്യൻ ടീം പ്രഖ്യാപിക്കാനിരിക്കെയാണ് യുവി വീണ്ടും മികച്ച പ്രകടനവുമായി ശ്രദ്ധനേടുന്നത്. രഞ്ജിയിൽ മൂന്നാം മത്സരത്തിനിടെ തുടർച്ചയായ രണ്ടാമത്തെ സെഞ്ചുറി പ്രകടനമാണ് യുവരാജിന്റേത്. നേരത്തെ, മധ്യപ്രദേശിനെതിരേ യുവരാജ് ആദ്യ ഇന്നിംഗ്സിൽ 177 റൺസും രണ്ടാം ഇന്നിംഗ്സിൽ 76 റൺസും നേടിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ 40 ടെസ്റ്റുകളിൽ നിന്ന് 33.82 ശരാശരിയിൽ 1900 റൺസ് നേടിയിട്ടുള്ള താരമാണ് യുവരാജ്.