വെടിക്കെട്ടിനും എഴുന്നള്ളത്തിനും നിയന്ത്രണം; ഉത്സവ കമ്മിറ്റികള്‍ സമരത്തിനൊരുങ്ങുന്നു

09.39 AM 30/10/2016
pooram_760x400
വെടിക്കെട്ടിനും ആന എഴുന്നള്ളിപ്പിനും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ ഉത്സവാഘോഷ കമ്മിറ്റികള്‍ സമരത്തിനൊരുങ്ങുന്നു. ചേലക്കരയില്‍ ചേര്‍ന്ന ഉത്സവാഘോഷ കമ്മിറ്റിയുടേതാണ് തീരുമാനം. ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് ഭീമ ഹര്‍ജി നല്‍കും. അതേസമയം പ്രശ്നപരിഹാര സാധ്യത ആരായാനായി ടൂറിസം മന്ത്രി എ.സി മൊയ്തീന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് മന്ത്രിതല യോഗം ചേരും
കൃത്യമായ മാനമണ്ഡമുണ്ടാക്കും വരെ വെടിക്കെട്ട് നടത്തില്ലെന്ന വെടിക്കെട്ട് കരാറുകാരുടെ തീരുമാനത്തിന് പിന്നാലെയാണ് തൃശൂര്‍ ജില്ലയിലെ പൂര, വേല സംഘാടകര്‍ ചേലക്കരയില്‍ യോഗം ചേര്‍ന്നത്. നിയന്ത്രണങ്ങള്‍ കര്‍ശനമായാല്‍ പൂരവും വേലയും വെറും ചടങ്ങായി മാറുമെന്ന ആശങ്ക യോഗത്തിനെത്തിയവര്‍ പങ്കുവച്ചു. വെടിക്കെട്ടും ആന എഴുന്നെള്ളിപ്പും ആചാരപ്രകാരം നിലനിര്‍ത്താനുള്ള പ്രക്ഷോഭം തുടങ്ങാനായിരുന്നു ഉത്സവ കമ്മിറ്റിക്കാരുടെ തീരുമാനം. അതിനായി സംസ്ഥാന അടിസ്ഥാനത്തില്‍ സമിതി രൂപീകരിക്കും
ഉത്സവങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ലക്ഷം പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജി കേന്ദ്ര- കേരള സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിക്കും. പ്രക്ഷോഭത്തിന് തുടക്കം കുറിച്ച് ദീപാവലി ദിനത്തില്‍ പ്രതിഷേധ ദീപം തെളിയിക്കുകയും ചെയ്തു. അതിനിടെ നിലവിലെ പ്രതിസന്ധിയെക്കുറിച്ച് ആലോചിക്കാന്‍ ചൊവ്വാഴ്ച മന്ത്രി എ. സി മൊയ്തീന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് യോഗം വിളിച്ചിട്ടുണ്ട്.