വെടിക്കെട്ടു ദുരന്തത്തില്‍ മരിച്ച ഒന്‍പതു പേരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയില്‍ തിരിച്ചറിഞ്ഞു

9.50 PM 16-04-2016
anusochanam_pic
പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടു ദുരന്തത്തില്‍ മരിച്ച ഒന്‍പതു പേരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയില്‍ തിരിച്ചറിഞ്ഞു. വെഞ്ഞാറമൂട് ചെമ്പൂരില്‍ ആളുമാറി സംസ്‌കരിച്ച ഒരാളുടെ മൃതദേഹമടക്കം തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള മൂന്നുപേരുടെയും കൊല്ലം ജില്ലക്കാരായ ആറു പേരുടെയും മൃതദേഹങ്ങളാണു തിരിച്ചറിഞ്ഞത്. രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ നടത്തിയ ആദ്യഘട്ട പരിശോധനയിലാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്.
നിലമേല്‍ കുര്യോട് ആശാഭവനില്‍ രാജന്റെ മകന്‍ അനില്‍കുമാര്‍ (34), വെഞ്ഞാറമൂട് ചെമ്പൂര് മുദാക്കല്‍ ശോഭ നിവാസില്‍ സോമന്റെ മകന്‍ സാബു (43), പരവൂര്‍ പൂതക്കുളം വടക്കേവിളയില്‍ ചുമ്മാര്‍ (19), പരവൂര്‍ കുറുമണ്ടല്‍ മാറനഴികത്ത് ഗോപിനാഥപിള്ള (56), പരവൂര്‍ കോങ്ങാല്‍ തെക്കേ കായലഴികത്ത് സഫീര്‍ കുട്ടി, കടക്കല്‍ സന്ധ്യാ വിലാസത്തില്‍ കുട്ടപ്പന്‍ (36), ആറ്റിങ്ങല്‍ കോരാണി ബ്‌ളോക്ക് നമ്പര്‍ 44ല്‍ സോമന്‍, കഴക്കൂട്ടം ശ്രീനഗര്‍ അനില ഭവനില്‍ അനുലാല്‍ (29), പരവൂര്‍ ഒഴുകുപാറ അനീഷ് ഭവനില്‍ അനീഷ് (30) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.
ഇതില്‍ സാബുവിന്റെ മൃതദേഹമാണു മാറി സംസ്‌കരിച്ചത്. സാബുവിന്റെ മൃതദേഹം വെഞ്ഞാറമൂട് മാമ്മൂട് സ്വദേശി പ്രമോദിന്റെ വീട്ടിലാണ് സംസ്‌കരിച്ചത്. കമ്പക്കെട്ടിന്റെ കരാറുകാരന്‍ കഴക്കൂട്ടം സ്വദേശി സുരേന്ദ്രന്റെ സഹായിയായിരുന്നു പ്രമോദ്. പ്രമോദ് മരിച്ചെന്നു കരുതിയായിരുന്നു മൃതദേഹം മാറി സംസ്‌കരിച്ചത്. പിന്നീട് പ്രമോദ് പരിക്കുകളോടെ ചികിത്സയിലാണെന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചു. തുടര്‍ന്നുണ്ടായ ആശയക്കുഴപ്പം ഒഴിവാക്കാനാണ് ഡിഎന്‍എ പരിശോധനക്ക് സാമ്പിള്‍ അയച്ചത്. ഇതിലാണ് സാബുവിനെ തിരിച്ചറിഞ്ഞത്. ഏഴുപേരുടെ മൃതദേഹങ്ങള്‍ കൂടി ഇനിയും തിരിച്ചറിയാനുണ്ട്.