വെടിക്കെട്ട് ദുരന്തം; പ്രധാനമന്ത്രി കേരളത്തില്‍ എത്തും

01:45pm 10/4/2016
download
ന്യൂഡല്‍ഹി: വെടിക്കെട്ട് ദുരന്തത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തില്‍ എത്തും. കൊല്ലം പരവൂരില്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഉണ്ടായ വെടിക്കെട്ട് ദുരന്തത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് പ്രധാനമന്ത്രി എത്തുക. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
ദുരന്തത്തിന് ഇരയായവരുടെ ദുഖത്തില്‍ പങ്കുചേരുന്നതായി പ്രധാനമന്ത്രി അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡയോട് കേരളത്തിലെത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മോഡി ട്വിറ്ററില്‍ കുറിച്ചു. അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്റ്റര്‍ വിട്ടുതരണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ ആശുപത്രികളില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. അവധിയിലായിരുന്ന ഡോക്ടര്‍മാരോട് ഉടന്‍തന്നെ ആശുപത്രിയില്‍ എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പ്രചാരണ പരിപാടികള്‍ അവസാനിപ്പിച്ച് കൊല്ലത്തേക്ക് തിരിച്ചിട്ടുണ്ട്.
കേരളം കണ്ടതിലേക്കുവച്ച് ഏറ്റവും വലിയ വെടിക്കെട്ട് അപകടമാണ് കൊല്ലത്ത് നടന്നത്. വെടിക്കെട്ട് നടത്തുന്നതിന് അനുമതിയുണ്ടായിരുന്നില്ല.