വെളിച്ചം പബ്ലിക്കേഷന്‍സിന്റെ രണ്ടാമത്തെ പുസ്തകം ദൂരെ ഒരു കിളിക്കൂട് 2017 ജനുവരിയില്‍ പുറത്തിറങ്ങുന്നു

12:02 pm 8/11/2016
Newsimg1_31019264
ലണ്ടന്‍: ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പുസ്തക പ്രസിദ്ധീകരണ വിഭാഗം വെളിച്ചം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന സൗദിയിലുള്ള എഴുത്തുകാരന്‍ ബിനു മായപ്പള്ളില്‍ എഴുതിയ നോവല്‍ “ദൂരെ ഒരു കിളിക്കൂട്’ 2017 ജനുവരിയില്‍ പുറത്തിറങ്ങുന്നു.

ലണ്ടന്‍ മലയാള സാഹിത്യവേദി പ്രസിദ്ധീകരിച്ച പ്രഥമ കൃതി യു.കെയിലെ അറിയപ്പെടുന്ന സാഹിത്യകാരി സിസിലി ജോര്‍ജ് എഴുതിയ ചെറുകഥാ സമാഹാരമായ വേനല്‍മഴ ആയിരുന്നു.

വിദേശ എഴുത്തുകാരെ ഒളിഞ്ഞും തെളിഞ്ഞും കാര്‍ന്നുതിന്നുന്ന കച്ചവട പ്രസാധകരില്‍ നിന്നും രക്ഷപെടുത്തുക എന്ന ലക്ഷ്യത്തോടെ മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരുടെ കൃതികളോടൊപ്പം പ്രതിഭാധനരായ പ്രവാസി എഴുത്തുകാരുടെ കൃതികളും പ്രസിദ്ധീകരിച്ച് ലോകമെമ്പാടും എത്തിക്കുകയാണ് വെളിച്ചം പബ്ലിക്കേഷന്‍സ് ചെയ്യുന്നത്. വിദേശ എഴുത്തുകാരില്‍ നിന്നും ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. നാലു കൃതികള്‍ 2017-ല്‍ പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ് വെളിച്ചം പബ്ലിക്കേഷന്‍സിന്റെ പ്രവര്‍ത്തകര്‍.

വിദേശ മലയാളികള്‍ക്കിടയില്‍ ആദ്യമായിട്ടാണ് ഒരു പുസ്തക പ്രസിദ്ധീകരണം ലണ്ടനില്‍ നിന്ന് ആരംഭിക്കുന്നത്. കടലാസില്‍ കോറിയിട്ട കഥയാവാം, കവിതയാവാം, സാഹിത്യത്തിന്റെ ഏതു മേഖലയില്‍പ്പെട്ട രചനയാണെങ്കിലും കാലം കരുതിവെച്ച ഒരിറ്റ് വെളിച്ചമായി സാഹിത്യത്തിലെ മഹാ പ്രതിഭകളുടെ പുസ്തക കൂട്ടത്തിലേക്ക് നമ്മുടെ എഴുത്തുകാരും ഇടം തേടുന്നു.

വെളിച്ചം പബ്ലിക്കേഷന്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉപദേശങ്ങള്‍ നല്‍കുന്നതിനായി മലയാളത്തിലെ പ്രമുഖ എഴുത്തുകാരായ സി. രാധാകൃഷ്ണന്‍, പി. വത്സല, കെ.എല്‍. മോഹനവര്‍മ്മ, പ്രമുഖ പ്രവാസി സാഹിത്യകാരനായ കാരൂര്‍ സോമന്‍ തുടങ്ങിയവര്‍ അടങ്ങുന്ന ഉപദേശക സമിതിയും രൂപീകരിച്ചിട്ടുണ്ട്.

മലയാളത്തിലെ പ്രമുഖരായ എഴുത്തുകാരുടെ കൃതികളും വെളിച്ചം പബ്ലിക്കേഷന്‍സിലൂടെ പുറത്തിറങ്ങും. അതിനുള്ള തയാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. ലോകമെമ്പാടുമുള്ള എല്ലാ എഴുത്തുകാരേയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റജി നന്തിക്കാട്ട് (00 44 785 243 7505) ഇമെയില്‍: londonmalayalasahithyavedi@gmail.com