വെള്ളത്തില്‍ വീണ കുഞ്ഞിനെ ഉയര്‍ത്തിപ്പിടിച്ച് ജീവന്‍ രക്ഷിച്ച യുവതി മരിച്ചു

09:08 am 29/8/2016

Newsimg1_88892049
കാലിഫോര്‍ണിയ: തന്റെ രണ്ടു വയസ്സുള്ള സ്വന്തം കുഞ്ഞിനെ വെള്ളത്തിനു മുകളില്‍ ഉയര്‍ത്തിപ്പിടിച്ചു ജീവന്‍ രക്ഷിച്ച അമ്മ മരിച്ചു. കൊളറാഡോക്കാരിയായ യുവതിയാണ് വെള്ളത്തില്‍ വീണ കുഞ്ഞിനെ താണുപോകാതെ ഉയര്‍ത്തിപ്പിടിച്ച് രക്ഷിച്ചത്.

യൂട്ടായിലെ പവല്‍ തടാകത്തില്‍ ഹൗസ്‌ബോട്ടില്‍ സഞ്ചരിക്കുമ്പോഴാണ് ചെല്‍സി റസ്സലിന്റെ (33) കുഞ്ഞ് വെള്ളത്തിലേക്കു വീണത്. രക്ഷപ്പെടുത്താന്‍ പിന്നാലെ ചെല്‍സി ചാടി. രണ്ടു പേര്‍ക്കും ലൈഫ് ജാക്കറ്റ് ഉണ്ടായിരുന്നില്ല. ബോട്ട് ഉടനെ നിര്‍ത്തിയെങ്കിലും അപ്പോഴേയ്ക്കും കുറച്ചു ദൂരം മുന്നോട്ടു പോയിക്കഴിഞ്ഞിരുന്നു. പെട്ടെന്നു ഹൗസ്‌ബോട്ടിലുണ്ടായിരുന്ന ചെറിയൊരു ബോട്ടില്‍ കുടുംബത്തിലെ ഒരംഗം പാഞ്ഞെത്തി.

മുങ്ങിത്താഴും മുന്‍പായി ഇരുവരെയും ബോട്ടില്‍ പിടിച്ചുകയറ്റി. അതുവരെ അമ്മ മാറോടു ചേര്‍ത്ത് ഉയര്‍ത്തിപ്പിടിച്ചിരുന്ന കുട്ടിക്കു ബോധം നഷ്ടപ്പെട്ടിരുന്നില്ല. എന്നാല്‍ രക്ഷപ്പെടുത്തുമ്പോഴേയ്ക്കും അമ്മയ്ക്കു ബോധം നഷ്ടപ്പെട്ടിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരു­ന്നു.