04:39PM 25/06/2016
വാഷിങ്ടൺ: അമേരിക്കൻ സംസ്ഥാനമായ വെസ്റ്റ് വെർജീനിയയിലെ പ്രളയത്തിൽ 23 പേർ മരിച്ചു. വ്യാഴാഴ്ച രാത്രിയുണ്ടായ ദുരന്തത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്നും പതിനായിരക്കണക്കിന് പേർ വൈദ്യുതി പോലും ലഭിക്കാതെ ഒറ്റപ്പെട്ടിരിക്കുകയാണെന്നും ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ദുരന്ത സ്ഥലങ്ങളിൽ എട്ട് മേഖലകളിലായി 200 രക്ഷാപ്രവർത്തകരെ വിന്യസിച്ചിട്ടുണ്ട്.
പ്രദേശത്ത് ആറു മണിക്കൂറിലേറെ മഴ പെയ്തതിനെ തുടർന്ന് ഒഹിയോ നദി ഉൾപ്പെടെയുള്ളവ കരകവിഞ്ഞൊഴുകുകയും നൂറോളം വീടുകൾ അപകടാവസഥയിലാവുകയും ചെയ്തിട്ടുണ്ട്. അതിനിടെ നദിയിൽ കാൽവഴുതി വീണ എട്ട് വയസുകാരനെ രക്ഷപ്പെടുത്തിയെങ്കിലും പിന്നീട് ആശുപത്രിയിൽ മരിച്ചു. പ്രദേശത്ത് സ്ഥിതി ഗുരുതരമാണെന്ന് ഗ്രീൻബ്രയർ മേഖലാ ഭരണാധികാരി ശരീഫ് ജാൻ മാധ്യമങ്ങളോട് പറഞ്ഞു.