വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് ഒരു റണ്ണിന്റെ പരാജയം

01.39 AM 28-08-2016
Dwayne_Bravo_270816
ഫോര്‍ട്ട് ലൗഡര്‍ഡേല്‍: അടിയും തിരിച്ചടിയുമായി ആവേശം അവസാനപന്തോളം നിറഞ്ഞ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് ഒരു റണ്ണിന്റെ പരാജയം. ഇവിന്‍ ലൂയിസിന്റെ 46 പന്ത് സെഞ്ചുറിക്ക് ലോകേഷ് രാഹുലിന്റെ അതേ നാണയത്തിലുള്ള (46 പന്ത് സെഞ്ചുറി) തിരിച്ചടിയിലൂടെ വിജയത്തിന്റെ വക്കോളമെത്തിയ ഇന്ത്യ, അവസാന പന്തില്‍ നായകന്റെ അബദ്ധത്തില്‍ വീണു. ഇവിന്‍ ലൂയിസിന്റെ വെടിക്കെട്ടിന്റെ ബലത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 246 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിന് ഒരു റണ്‍ മാത്രം അകലെയെത്തിയാണ് ഇന്ത്യ വീണത്.

നിശ്ചിത ഓവറില്‍ നാലു വിക്കറ്റിന് 244 റണ്‍സെടുത്ത ഇന്ത്യക്ക് ജയിക്കാന്‍ അവസാന പന്തില്‍ രണ്ടു റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ ഡെയിന്‍ ബ്രാവോയെ അതിര്‍ത്തി കടത്തുമെന്നു പ്രതീക്ഷിച്ചിരുന്ന ഇന്ത്യന്‍ ആരാധകരെ നിരാശയിലാക്കി ക്യാപ്റ്റന്‍ എം.എസ് ധോണി പന്തിനെ തോണ്ടി മര്‍ലോണ്‍ സാമുവല്‍സിന്റെ കൈയില്‍ എത്തിച്ചു. കരീബിയന്‍ ബൗളര്‍മാരുടെ കണ്ണ് നനയ്ക്കുന്ന അടിയടിച്ച ലോകേഷ് രാഹുല്‍ നോണ്‍സ്‌ട്രൈക്കര്‍ എന്‍ഡില്‍ നോക്കിനില്‍ക്കെ ധോണി വിക്കറ്റും ജയവും എതിരാളികള്‍ക്ക് അടിയറവച്ചു.

ഫ്‌ളോറിഡയിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജണല്‍ പാര്‍ക്ക് മൈതാനം ബാറ്റ്‌സ്മാന്‍മാരുടെ പറുദീസയായിരുന്നു. ആദ്യ ഊഴം കരീബിയക്കാരുടേതായിരുന്നു. ആദ്യ വിക്കറ്റില്‍ കരീബിയന്‍സ് കുറിച്ചത് 126 റണ്‍സ്. ജോണ്‍സണ്‍ ചാള്‍സും (79) ഇവിന്‍ ലൂയിസും (100) ചേര്‍ന്നായിരുന്നു ആദ്യ വിക്കറ്റിലെ മാരകപ്രഹരം. ലൂയിസിന്റെ ബാറ്റിനായിരുന്നു പ്രഹരശേഷി കൂടുതല്‍. സ്റ്റുവര്‍ട്ട് ബിന്നിയുടെ ഒരോവറില്‍ അഞ്ച് സിക്‌സാണ് ലൂയിസ് പറത്തിയത്. ആ ഓവറില്‍ മാത്രം 32 റണ്‍സ് പിറന്നു. പാവം ബിന്നി ഇതോടെ പന്ത് താഴെവച്ചു. ചാള്‍സും ലൂയിസും പുറത്തായതിനു പിന്നാലെയെത്തിയ റസലും (22) പൊള്ളാര്‍ഡും (22) സ്‌കോര്‍ ഗ്രാഫ് താഴാതെ ബാറ്റ് ചുഴറ്റി. എന്നാല്‍ അവസാന ഓവറിലെ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം വിന്‍ഡീസ് സ്‌കോറിനെ 245 ല്‍ പിടിച്ചുകെട്ടി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ, തിരിച്ചടിച്ചു തുടങ്ങി. രോഹിത് ശര്‍മ (62) കത്തിക്കയറിയപ്പോള്‍ രഹാനെയും (7) കോഹ്‌ലിയും (16) വേഗം മടങ്ങി. കളി കൈവിട്ടെന്നു തോന്നിയ ഘട്ടത്തിലാണ് കെ.എല്‍. രാഹുലിന്റെ അവതാരം. പിന്നെ പന്ത് നാലുപാടും ചിതറി. 46 പന്തില്‍ രാഹുല്‍ സെഞ്ചുറിയിലെത്തി. ഇതിനിടെ പന്തിനെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തിനിടെ ചാള്‍സിന് പിടികൊടുത്ത് രോഹിത് അതിരുകടന്നു. 28 പന്തിലായിരുന്നു രോഹിതിന്റെ അര്‍ധ ശതകം.

പിന്നാലെയെത്തിയ ക്യാപ്റ്റന്‍ ധോണിയും (43) ഫോമിലായിരുന്നു (അവസാന പന്തിനു തൊട്ടുമുമ്പുവരെ). രണ്ടുവീതം സിക്‌സും ഫോറുമായി കസറിയ ധോണി ഇന്ത്യയെ രാഹുലിനൊപ്പം വിജയത്തിലേക്ക് നയിച്ചു. എന്നാല്‍ അവസാന ഓവറിലെ അവസാന പന്തില്‍ ധോണിയുടെ ഫിനീഷിംഗ് പാളിയപ്പോള്‍ അമേരിക്കന്‍ മണ്ണിലെ ആദ്യ മത്സരം ഇന്ത്യക്ക് കണ്ണീരോര്‍മയായി.