വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയഷന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്നും സംതൃപ്തിയോടെ പാടിയിറങ്ങുന്നു, അസോസിയേഷന്‍ നാല്‍പ്പത്തിരണ്ടിന്റെ ചരിത്ര നിറവില്‍.

08:03 am 23/12/2016

– ശ്രീകുമാര്‍ ഉണ്ണിത്താന്‍
Newsimg1_35982334
ഒരു സംഘടന നാല്‍പ്പത്തി രണ്ട് വര്‍ഷം പിന്നിടുന്നത് ചരിത്രമാണ് അത് ജനിച്ച നാടും വീടും വിട്ടു മറ്റൊരു ഭുമികയിലാകുമ്പോള്‍ ആ ചരിത്ര മുഹുര്ത്തത്തിനു പത്തരമാറ്റു ഭംഗി കൂടും .കാരണം ഒരു സംഘടനയുടെ ഭാഗമാകുക മാത്രമല്ല അതിന്റെ ചരിത്ര നിയോഗത്തിനൊപ്പാം പങ്കാളി ആകുവാന്‍ സാധിച്ചു എന്ന സന്തോഷം ഒരു വശത്ത് ;ഇത് കാരണം ന്യൂയോര്‍ക്കിലുള്ള മിക്ക മലയാളി കുടുംബങ്ങളുമായി അടുത്ത് സഹകരിക്കാന്‍ കഴിഞ്ഞു എന്നതില്‍ ഒരു സംഘടനാ പ്രവര്‍ത്തകന്‍ എന്ന നിലയില എന്നിലുളവാക്കുന്ന ആനന്ദം ചെറുതല്ല.

ഈ സംഘടനയുടെ എളിയ പ്രവര്ത്തകനായ എനിക്ക് ഇന്ന് ഈ സംഘടനയുടെ പ്രസിടന്റായി രണ്ട് വര്‍ഷം പ്രവര്ത്തിക്കുവാന്‍ സഹായിച്ച ഏവരോടും എന്റെ നന്ദിയും കടപ്പാടും അറിയിക്കട്ടെ.
അമേരിക്കാന്‍ മലയാളി സമൂഹത്തില്‍ മലയാളികളുടെ ഒരു കുട്ടായ്മ ആരംഭിക്കുന്ന സമയത്ത് രൂപം കൊണ്ട സംഘടനകളില്‍ ഒന്നാം സ്ഥാനമാണ് ഈ സംഘടനയ്ക്കുള്ളത് .ഇന്നലകളെ കുറിച്ചു ഓര്ക്കുകയും നാളെയെ എങ്ങനെ സമീപിക്കണമെന്ന് ചിന്തിക്കുകയും അതിനുവേണ്ടി അമേരിക്കാന്‍ മലയാളി സമൂഹത്തെ രുപപ്പെടുത്തുവാനും ശ്രമിക്കുകയും ചെയ്ത പ്രസ്ഥാനമാണ് വെസ്റ്റ് ചെസ്റ്റര്‍ മലയാളീ അസോസിയേഷന്‍ .ഇത് അമേരിക്കാന്‍ മലയാളികള്‍ തിരിച്ചറിഞ്ഞു എന്നതാണ് ഈ സംഘടനയുടെ വളര്‍ച്ചയുടെ കാതലായി ഞാന്‍ നോക്കി കാണുന്നത് .

ഒരു സാധാരണ സംഘടന എന്ന നിലയില്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഉത്തരവാദിത്വവും പ്രസക്തിയും ഇന്നത്തെ സാഹചര്യത്തില്‍ വളരെ വലുതാണ് .അമേരിക്കാന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ രൂപികരണം മുതല്‍ ഇന്ന് വരെ ഈ സംഘടനയില്‍ നിന്നും ഒരാളെങ്കിലും എല്ലായ്‌പ്പോഴും ഫൊക്കാനയുടെ നേതൃത്വത്തിലുണ്ടാകും.ഫോമ ആയാലും അങ്ങനെ തന്നെ .ഇതിനു കാരണം ഈ സംഘടനയുടെ സുതാര്യത ആണ് .പൊതു പ്രവര്ത്തനം സുതാര്യവും ലളിതവുമായിരിക്കണമെന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

വെസ്റ്റ് ചെസ്റ്ററിലും സമീപ പ്രദേശങ്ങളിലും താമസിച്ചിരുന്ന മലയാളികള്‍ ഒത്തുകൂടുകയും അവരുടെ പ്രവാസ ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുവാനും കേരളത്തിന്റെ സംസ്കാരം തലമുറകളിലേക്ക് സന്നിവേശിപ്പിക്കുക എന്നാ ലക്ഷ്യത്തോടെ ആയിരുന്നു നമ്മുടെ സംഘടനയുടെ രൂപീകരണം .രണ്ടായിരത്തിലധികം അംഗങ്ങള്‍ ഉള്ള അമേരിക്കയിലെ ഏറ്റവും പ്രബലമായ സംഘടനയാണ് നമ്മുടേത് .ഓരോ വര്‍ഷവും ചരിത്രമാക്കി മാറ്റിയതിനു പിന്നില്‍ 1975 മുതല്‍ നമ്മുടെ സംഘടനയ്ക്ക് നേതൃത്വം വഹിച്ചവരുടെ പങ്ക് വളരെ വലുതാണ് .ഒരു വ്യക്തിയല്ല മറിച്ച്ഒരു സമൂഹമായിത്തന്നെയാണ് നമ്മുടെ എപ്പോഴത്തെയും പ്രവര്‍ത്തനങ്ങളെ അമേരിക്കാന്‍ മലയാളി സമൂഹം വിലയിരുത്തിയത് .

ഇന്ന് അമേരിക്കയുടെ മുഖ്യ ധാരയില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളില്‍ ഭുരിഭാഗവും വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ പ്രവര്‍ത്തകരാണ് .അതുകൊണ്ടുതന്നെ ദേശീയാടിസ്ഥാനത്തില്‍ നമുക്ക് വലിയ പ്രാധാന്യമാണുള്ളത് .സംഘടനയെ ഇന്നത്തെ നിലയില വളര്‍ത്തിയെടുക്കുന്നതില്‍ പങ്കുവഹിച്ച നിരവധി വ്യക്തികള്‍ ഉണ്ട് . ആദ്യ പ്രസിഡണ്ടായ എം.വി.ചാക്കോ,പിന്നീട് സാരഥ്യം വഹിച്ച ജോണ്‍ ജോര്‍ജ് ,എം.സി ചാക്കോ ,കെ.ജി.ജനാര്‍ധനന്‍,പ്രഭാകരന്‍ നായര്‍,കെ.ജെ ഗ്രിഗറി,തോമസ് ആലംചെരില്‍,എ.സി. ജോര്‍ജ്,ജൊസഫ് വാണിയംപിള്ളി .പാര്‍ത്ഥസാരഥിപിള്ള,തോമസ് പാലക്കല്‍ ,കൊച്ചുമ്മന്‍ ടി ജേക്കബ് ,ക്ലാര ജോബ് ,കെ.എം.മാത്യു തോമസ് ,ഇ .മാത്യു ,ഫിലിപ്പ് വെമ്പേനില്‍,ജോണ്‍ സി.വര്‍ഗീസ് ,എ.വി വര്‍ഗീസ് ,ജോണ്‍ ഐസക് ,രാജു സഖറിയ ,ബാബു കൊച്ചുമാത്തന്‍,തോമസ് കോശി ,രത്‌നമ്മ ബാബുരാജ് ,ജോണ്‍ മാത്യു,ജെ,മാത്യുസ് , ടെരന്‍സണ്‍ തോമസ് ,ഫിലിപ്പ് ജോര്‍ജ് ,ഷാജി ആലപ്പാട്,ജോയ് ഇട്ടന്‍ , കുറൂര്‍ രാജന്‍ എന്നിവരെയെല്ലാം സര്‍വാത്മനാ സ്മരിക്കേണ്ടതുണ്ട് .ഇവരെ കൂടാതെ സംഘടനയുടെ വളര്‍ച്ചയില്‍ പങ്കാളികളായ നിരവധി ആളുകളെയും സ്മരിക്കേണ്ടതുണ്ട് .

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ രൂപീകരണത്തിനു പിന്നിലെ പ്രധാനമായാ ഒരു ലക്ഷ്യം നമ്മുടെ ജന്മനാട്ടിലെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യം അറിയിക്കുക എന്നതുകൂടി ആയിരുന്നു.സഹായം സ്വീകരിച്ചവരുടെ പേരുകള്‍ പ്രസിദ്ധപ്പെടുത്തി അവരെ കളങ്കപ്പെടുത്താതെ ,അവരുടെ പ്രാര്‍ഥനയില്‍ ഈ സംഘടനയുടെ സാന്നിദ്ധ്യം മാത്രം ഈ അവസരത്തില്‍ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ .നമ്മുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും സേവനങ്ങളെയും മറ്റു സംഘടനകള്‍ക്ക് മാതൃക ആക്കാവുന്ന അവസ്ഥയാണ് ഇപ്പോള്‍ നമ്മുടെ സംഘടനയ്ക്കുള്ളത് .”ജനങ്ങള്‍ സമൂഹം ” എന്ന നിലപാടിലാണ് നമ്മുടെ മുന്നേറ്റം .

നാല്‍പ്പത്തിരണ്ട് ഓണം കണ്ട അപൂര്വ്വ സംഘടനകളില്‍ ഒന്നാണ് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ .എല്ലാ വര്‍ഷവും ആഘോഷിക്കുന്ന നമ്മുടെ ഓണാഘോഷം മാവേലിതമ്പുരാന്റെ കാലഘട്ടത്തെ തിരികെ കൊണ്ടുവരുന്ന ഒരു പ്രതീതി കൂടി ഉണ്ടാക്കുന്നു.മത സൗഹാര്‍ദ്ധത്തിന്റെ സംഗമ വേദി കൂടിയായി വെസ്റ്റ് ചെസ്റ്ററിന്റെ ഓണാഘോഷം മാറുന്നതിന്റെ പിന്നിലെ ചാലക ശക്തി നമ്മുടെ ഒത്തൊരുമയും ,അല്പം പോലും ,ചതിയും വഞ്ചനയുമില്ലാത്ത നമ്മുടെ മനസ്സിന്റെ നന്മയും കൂടി ആണ്.കഴിഞ്ഞുപോയ നാല്‍പ്പത്തിരണ്ട് ഓണം ഓര്‍മ്മയുടെ പൂക്കാലം സമ്മാനിക്കുമ്പോള്‍ ഇനി വരാനിരിക്കുന്ന പൂക്കാലത്തെ കുറിച്ചു്‌നമ്മുടെ പുതു തലമുറ ചിന്തിക്കുന്നു എന്ന് ഓര്‍മ്മിപ്പിക്കുംപോഴാണ് ഈ സംഘടനയുടെ വളര്‍ച്ചയെക്കുറിച്ച് നാം ബൊധവാന്മാരാകേണ്ടതുണ്ട് .

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓര്‍മ്മപ്പെടുത്തലുകളാണ് സംഘടനയുടെ അക്ഷര പുണ്യമായ സൂവനീറുകള്‍.നമ്മുടെ ഒരുമയുടെ വിജയം കൂടി ആണിത്.നാളിതുവരെയുള്ള നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും നേര്‍കാഴ്ച.നമുക്ക് ഇന്നുവരെ എന്തെല്ലാം അമേരിക്കന്‍ മലയാളി സമൂഹത്തിനു വേണ്ടി ചെയ്യുവാന്‍ സാധിച്ചു എന്ന് വരും തലമുറയ്ക്ക് കാട്ടികൊടുക്കുവാന്‍ നമ്മുടെ ഒരു ഈദുവയ്പ്പായി മാറുന്നു നമ്മുടെ അക്ഷരചെപ്പുകള്‍ .പുതിയ എഴുത്തുകാര്‍ സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവരെ ഈ സൂവനീറുകളിലൂടെ മലയാളികള്‍ക്ക് മുന്‍പില്‍ പരിചയപ്പെടുത്തുവാന്‍ നമുക്ക് സാധിച്ചു .സംഘടനയുടെ ഏറ്റവും വലിയ ഈടുവയ്പ്പാണ് നമ്മുടെ ഈ അക്ഷര ചെപ്പുകള്‍ .

മാനവ മൈത്രിയുടെ പ്രതീകമായ യേശുദേവന്റെ ജന്മദിനം വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ലോകത്തോടൊപ്പം ആഘോഷിക്കുന്നു .നന്മയുടെ പ്രതീകമായ സാന്തക്ലോസും ഒക്കെയുള്ള സുന്ദരമായ ആഘോഷമാണ് നാം സംഘടിപ്പിക്കുന്നത് .അതോടൊപ്പം പുതുവര്‍ഷത്തെയും സ്വീകരിക്കുന്ന പുതു വര്‍ഷ ആഘോഷവും ഇതോടൊപ്പം നടക്കുന്നു . വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂയീര്‍ ആഘോഷങ്ങള്‍ ജനുവരി രണ്ടാം തിയതി തിങ്കളാഴിച്ച അഞ്ചു മണി മുതല്‍ യോങ്കേഴ്‌സിലെ മുബൈ പാലസ് ഇന്ത്യന്‍ റെസ്‌റൊന്റില്‍ വെച്ച് നടത്തുന്നതാണ് . എല്ലാവരെയും ഇതിലേക്ക് സ്വാഗതം ചെയ്യുന്നു.

അങ്ങനെ കഴിഞ്ഞ നാല്‍പ്പത്തിരണ്ട് വര്‍ഷങ്ങള്‍ അമേരിക്കന്‍ മലയാളികള്‍ക്കൊപ്പം സജീവമായി നിലകൊണ്ട് അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ നിര്‍ണ്ണായകമായ സാന്നിധ്യമായി മാറുവാന്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് കഴിഞ്ഞു .ഈ പരിപൂര്‍ണ്ണ വിജയത്തിന് ഈ സംഘടനയെ സഹായിച്ചത് ഇന്നുവരെ ഈ പ്രസ്ഥാനത്തെ നയിച്ച നേതാക്കന്മാര്‍ ,അംഗങ്ങള്‍ ,അതിലുപരി നമ്മുടെ മലയാളി സമൂഹം ജാതി മത ചിന്തകള്‍ക്ക് അതീതമായി ഈ സംഘടനയ്‌ക്കൊപ്പം നിലകൊള്ളുന്നു എന്ന വലിയ പ്രത്യേകതയും ഉണ്ട് .

ഇന്ന് വരെയുള്ള പ്രവര്‍ത്തനങ്ങളെക്കാള്‍ ഉപരി ഇനി വരാന്‍ പോകുന്ന നാളുകള്‍ ആണ് ഞാന്‍ നോക്കികാണുന്നത്. ആ നാളുകളില്‍ ഈ സംഘടനയുടെ വളര്‍ച്ച ,യുവ ജനതയുടെ പങ്കാളിത്തം ,കുട്ടികളുടെ വളര്‍ച്ച ഒക്കെ സജീവ ചര്‍ച്ച ആക്കേണ്ടതുണ്ട് .പുതിയ തലമുറ നമ്മില്‍ നിന്ന് അകന്നുപോകാതെ നമ്മോടൊപ്പം നില നിര്‍ത്തേണ്ട ബാധ്യത നമുക്കുണ്ട് .അതിനു സംഘടന ഇനിയും ഏറെ സഞ്ചരിക്കേണ്ടതുണ്ട് .അതിനു നമുക്ക് വേണ്ടത് അമേരിക്കന്‍ മലയാളികളുടെ മനസ്സും ഒത്തൊരുമയുമാണ് .അതിനു നമുക്ക് ഒന്നിച്ചു മുന്നോട്ടു പോകാം.

ഈ സംഘടനയുടെ പ്രസിടന്റായി രണ്ട് വര്‍ഷം പ്രവര്‍ത്തിക്കുവാന്‍ എന്നെ സഹായിച്ച ഏവരോടും എന്റെ നന്ദിയും കടപ്പാടും ഒരിക്കല്‍കൂടെ അറിയിക്കട്ടെ. എല്ലാവര്‍ക്കും എന്റെയും വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെയും ക്രിസ്തുമസ് ന്യൂയീര്‍ ആശംസകള്‍.