വേണം ഭരണത്തുടര്‍ച്ച; എന്തുകൊണ്ട്? (സജി കരിമ്പന്നൂര്‍, ഐഎന്‍ഓസി കേരള ചാപ്റ്റര്‍ പി.ആര്‍.ഒ)

04:10pm 15/5/2016

ജോയിച്ചന്‍ പുതുക്കുളം
INOC_pic
വിവാദങ്ങള്‍ പോലെ ഇത്രയേറെ വികസനവും നടന്ന കാലഘട്ടം കേരളചരിത്രത്തില്‍ നടാടെയാണ്. ഇന്നു സംഘടിതവികസനത്തിലും നിയമവാഴ്ചയിലും കേരളം ഇന്ത്യയില്‍ ഒന്നാമതാണ്. യു ഡി എഫ് സര്‍ക്കാരിന്റെ ‘വികസനവും കരുതലും’ വെറും പ്രചാരണായുധമല്ലെന്നു കേരളജനത തിരിച്ചറിഞ്ഞിട്ടുണ്ട്. ഭരണവിരുദ്ധവികാരമുണ്ടെന്നു പ്രതിപക്ഷത്തിനുപോലും പറയാനാവാത്ത ആദ്യ തെരഞ്ഞെടുപ്പാണിത്.

1980 മുതലാണ് ഇന്നത്തെ രീതിയിലുള്ള ഇടത്, വലതു മുന്നണി സംവിധാനം നിലവില്‍ വന്നത്. പ്രതിപക്ഷത്തിരിക്കുന്ന ഇടതുമുന്നണിയ്ക്ക് അനായാസം ജയിച്ചുകയറാമെന്ന ശുഭപ്രതീക്ഷ തീരെയില്ല. കാരണം അരുവിക്കര തെരഞ്ഞെടുപ്പു തന്നെ. ഭരണപക്ഷം അന്ന് ആരോപണങ്ങളുടെ പാരമ്യത്തില്‍ എത്തിനില്‍ക്കുകയായിരുന്നു.

വിഴിഞ്ഞം പദ്ധതി, സരിതാ നായര്‍ കേസ്, ബാര്‍കോഴ, ഇവയെല്ലാം ആയുധമാക്കി പ്രതിപക്ഷം അന്നു ശക്തമായ പ്രക്ഷോഭം അഴിച്ചുവിട്ടു. കേരളത്തിലെ പ്രബുദ്ധരായ ജനത ഇതു വിശ്വസിച്ചിരുന്നെങ്കില്‍ അവിടെ ശബരിനാഥ് പരാജയപ്പെടുമായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ വീണ്ടും പ്രസ്തുത പ്രത്യാരോപണങ്ങള്‍ കൊണ്ടു ഗവണ്മെന്റിനെ വരിഞ്ഞുമുറുക്കുന്നതു പാഴ്‌വേലയാണെന്ന് ഇടതുപക്ഷത്തിനു നന്നായറിയാം.

കേരളം രണ്ടു ദശാബ്ദമായി കാത്തിരുന്ന വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖം സാദ്ധ്യമായി. കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രാരംഭപരിപാടികള്‍ നടപ്പിലാക്കുകയും റണ്‍വേയില്‍ വിമാനം ഇറക്കുകയും ചെയ്തു. കൊച്ചിയില്‍ കേരളത്തിന്റെ ചിരകാലസ്വപ്നമായിരുന്ന മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ടു പൂര്‍ണമായും പൂര്‍ത്തിയായി. ഒരിക്കലും നടക്കില്ലെന്നു കരുതിയ കരമനകളിയിക്കാവിള റോഡുവികസനം പൂര്‍ത്തിയായി. സ്മാര്‍ട്ട് സിറ്റി പദ്ധതി ഉദ്ഘാടനം ചെയ്തു. കേരളം മുഴുവന്‍ സൗജന്യവൈഫൈ എന്ന പ്രഖ്യാപനം ഐറ്റി മേഖലയ്ക്കു പുതിയ വാതായനങ്ങള്‍ തുറന്നുകൊടുക്കും. എണ്ണിയാലൊടുങ്ങാത്ത വികസനക്കുതിപ്പുകള്‍ ഇങ്ങനെ തുടരുമ്പോഴും പൊതുജനസമ്പര്‍ക്കപരിപാടികള്‍ക്കു മുഖ്യമന്ത്രി എന്നും മുന്‍ഗണന കൊടുത്തിരുന്നു.

ദീര്‍ഘവീക്ഷണത്തോടു കൂടിയ ഇത്തരം കര്‍മപരിപാടികളുടെ സാക്ഷാത്കാരത്തിന് ഒരു തുടര്‍ഭരണം കൂടിയേ തീരൂ. മൂന്ന് ഉപതെരഞ്ഞെടുപ്പുകളിലും ഭരണമുന്നണിയാണു വിജയിച്ചത്. ഇതില്‍ എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റും ഉള്‍പ്പെടും. ലോക്‌സഭാതെരഞ്ഞെടുപ്പിലും യുഡിഎഫിനു മേല്‍ക്കൈ ലഭിച്ചു. കഴിഞ്ഞ പത്തു വര്‍ഷമായി രാഷ്ട്രീയം പറഞ്ഞു വോട്ടുപിടിച്ച തെരഞ്ഞെടുപ്പുകളിലെല്ലാം ജനം എല്‍ഡിഎഫിനെ അകറ്റി നിര്‍ത്തി.

മദ്യനയം ഗവണ്മെന്റിനു ദോഷമായി ബാധിച്ചിട്ടില്ല എന്നാണു പരക്കെയുള്ള അഭിപ്രായസര്‍വെ വെളിവാക്കുന്നത്. വിശകലനങ്ങളും പ്രവചനങ്ങളും തകൃതിയായി നടക്കുന്നെങ്കിലും യുഡിഎഫിനുള്ളില്‍ വിള്ളല്‍ വീഴ്ത്താന്‍ എല്‍ഡിഎഫിന് ഇതുവരെ സാധിച്ചിട്ടില്ലെന്നതു കൗതുകകരമായൊരു വസ്തുതയാണ്.

2011ല്‍ നടന്ന കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ യു ഡി എഫിന് 72ഉം എല്‍ ഡി എഫിന് 68ഉം സീറ്റുകളാണു ലഭിച്ചത്. സ്ഥാനാര്‍ത്ഥിനിര്‍ണയത്തിലെ പിഴവുകളാണു പരാജയകാരണമെന്ന് ഇടതുപക്ഷം അന്നു വിലയിരുത്തിയിരുന്നു. എന്നാല്‍ അതിന്റെ തുടര്‍ചലനങ്ങളാണു വീണ്ടും കേരളത്തില്‍ നടന്നത്. പാറശ്ശാലയിലും നെയ്യാറ്റിന്‍കരയിലും നടന്ന സ്ഥാനാര്‍ത്ഥിനിര്‍ണയമാണു സിപിഎമ്മില്‍ ഉള്‍പ്പോരു വിതച്ചത്. പാറശ്ശാലയില്‍ സിറ്റിംഗ് എംഎല്‍ഏ ആയിരുന്ന സിപിഎം സംസ്ഥാനക്കമ്മിറ്റിയംഗം ആനാവൂര്‍ തങ്കപ്പന്‍ മത്സരിച്ചത് സിറ്റിംഗ് എംഎല്‍എ ആയിരുന്ന ആര്‍ സെല്‍വരാജിനെ നെയ്യാറ്റിന്‍കരയിലേയ്ക്കു പറിച്ചുനട്ടുകൊണ്ടായിരുന്നു.

സെല്‍വരാജ് നെയ്യാറ്റിന്‍കരയില്‍ നിന്നും 6702 വോട്ടിനു വിജയിച്ചു. തുടര്‍ന്നു പാര്‍ട്ടിയില്‍ നിന്നുള്ള സമ്മര്‍ദം മൂലം എംഎല്‍ഏസ്ഥാനം രാജിവച്ച്, കോണ്‍ഗ്രസ് പാളയത്തിലേയ്ക്കു ചേക്കേറി.

രണ്ടാമതു നടന്ന ഉപതെരഞ്ഞെടുപ്പിലും ഇടതുമുന്നണിയ്ക്കു വിജയിയ്ക്കാനായില്ല. ശക്തമായ ത്രികോണമത്സരത്തില്‍ കെ എസ് ശബരീനാഥ് 10128 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

തുടര്‍ന്നു നടന്ന 2014 ലോക്‌സഭാതെരഞ്ഞെടുപ്പിലും പാര്‍ട്ടി ബഹുദൂരം പുറകോട്ടു പോയി. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ബെനറ്റ് എബ്രഹാമിന് അന്നു മൂന്നാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.

മനുഷ്യന•യാണു രാഷ്ട്രീയത്തിന്റെ കാതലെന്നു പ്രവര്‍ത്തനങ്ങളിലൂടെ കോണ്‍ഗ്രസ്സു തെളിയിച്ചിട്ടുണ്ട്. ഈ സര്‍ക്കാര്‍ വന്ന് ആഴ്ചകള്‍ക്കകം തുടങ്ങിയതാണു വ്യാജ ആരോപണങ്ങളും സമരകോലാഹലങ്ങളും. ആരോപണങ്ങള്‍ ഒന്നും തന്നെ തെളിയിക്കാന്‍ എല്‍ഡിഎഫിനു സാധിച്ചില്ല. ആരോപണവും വസ്തുതയും രണ്ടും രണ്ടാണ്.

കേരളം കണ്ട മികച്ച ഭരണങ്ങളിലൊന്നാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റേത്. വികസനകാര്യങ്ങളില്‍ പിന്തിരിപ്പന്‍ നയമാണു സീപിഎമ്മും എല്‍ഡിഎഫും സ്വീകരിച്ചത്.

മൂന്നരപ്പതിറ്റാണ്ട് ഇടതുമുന്നണി ഭരിച്ച പശ്ചിമബംഗാള്‍ സീപിഎമ്മിന്റെ നയവൈകല്യത്തിന്റെ ഇരയാണ്. വിഴിഞ്ഞം തുറമുഖവും കൊച്ചി മെട്രോയും എയര്‍പോര്‍ട്ടും യാഥാര്‍ത്ഥ്യമാക്കിയപ്പോള്‍ മുഖം തിരിഞ്ഞു നില്‍ക്കുകയായിരുന്നു അവര്‍. മൂന്നു ലക്ഷം പേര്‍ക്കു ജോലി ലഭിക്കുന്ന കോഴിക്കോട് സൈബര്‍ പാര്‍ക്ക് ഉദ്ഘാടനം പോലും ബഹിഷ്‌കരിച്ചവരാണവര്‍.

യുവാക്കളാണു രാജ്യത്തിന്റെ ഭാവി എന്നു തിരിച്ചറിയണം. അവരില്‍ വിശ്വാസം അര്‍പ്പിക്കാനാവണം. സംസ്ഥാനം തുടങ്ങിവച്ച ‘സ്റ്റാര്‍ട്ട് അപ്പ്’ പദ്ധതി രാജ്യം മാതൃകയായി സ്വീകരിച്ചതു കേരളത്തിന്റെ അഭിമാനമാണ്. സ്മാര്‍ട്ട് സിറ്റിയും സൈബര്‍ പാര്‍ക്കും സൗജന്യവൈഫൈ പദ്ധതിയും ലക്ഷക്കണക്കിനു യുവതീയുവാക്കളുടെ നല്ല നാളെയിലേയ്ക്കാണു വെളിച്ചം വീശുന്നത്.

മുന്‍പു ക്ഷേമപെന്‍ഷന്‍ വാങ്ങിയിരുന്നതു മൂന്നു ലക്ഷത്തില്‍ താഴെയുള്ളവരായിരുന്നു. ഇന്നത് 15 ഇരട്ടിയായി വര്‍ദ്ധിച്ച്, 35 ലക്ഷത്തോളമായി. രാജ്യത്തെ ആദ്യത്തെ കര്‍ഷകപെന്‍ഷന്‍ നടപ്പിലാക്കിയ സര്‍ക്കാരാണിത്. മാതാപിതാക്കള്‍ നഷ്ടപ്പെട്ട എഴുപതിനായിരത്തോളം കുട്ടികളെ സംരക്ഷിക്കുന്ന സര്‍ക്കാരാണിത്. ഇതൊന്നും മുന്‍പില്ലാത്തതാണ്. ഇപ്പോള്‍ കേരളത്തില്‍ മാത്രമുള്ളതും. വിവരാവകാശ കമ്മീഷനില്‍ നിന്ന് ആര്‍ക്കും ഇതിന്റെ കണക്കുകള്‍ എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാവുന്നതാണ്.

ആദിവാസികള്‍ക്കും പട്ടികജാതി, പട്ടികവര്‍ഗത്തിനുമെല്ലാം പ്രത്യേകം ക്ഷേമപദ്ധതികള്‍ നടപ്പിലാക്കി. 3.75 ലക്ഷം മുതല്‍ 6 ലക്ഷം രൂപ വരെയാണ് ഭൂമി വാങ്ങാന്‍ ഓരോ പട്ടികജാതിക്കാര്‍ക്കും സഹായം നല്‍കുന്നത്. ഇതിന്റെ തുടര്‍ച്ച സംസ്ഥാനത്ത് ഉണ്ടായേ മതിയാവൂ.

മുന്നോക്ക, പിന്നാക്ക വികസന കോര്‍പ്പറേഷനുള്ള സംസ്ഥാനമാണു കേരളം. എല്ലാവരോടും തുല്യ നീതിയാണു ഗവണ്മെന്റു കാണിക്കുന്നത്. വോട്ടു ലക്ഷ്യമിട്ടു തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്ന ചിലരാണു വസ്തുതാവിരുദ്ധ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

അരിയില്‍ ഷുക്കൂര്‍വധം, ടി പി വധം, ഫസല്‍ വധം, തുടങ്ങിയ കേസുകളുടെ അന്വേഷണം പൂര്‍ത്തിയാകട്ടെ. ചോരക്കറ പുരണ്ട നേതാക്കളെ ഭരണം ഏല്പിക്കണോയെന്നു പ്രബുദ്ധരായ കേരളജനത തീരുമാനിക്കട്ടെ.

ഇനിയും ബാറുകള്‍ തുറന്ന്, സാധാരണക്കാരന്റെ കുടുംബങ്ങളുടെ അസ്ഥിവാരം തോണ്ടേണമോ? പത്തു വര്‍ഷം കൊണ്ട് ഈ വിപത്തിനെ സമ്പൂര്‍ണമായി ഉ•ൂലനം ചെയ്യണമോ എന്നതാണു ചോദ്യം.

നെഗറ്റീവ് പൊളിറ്റിക്‌സിന്റെ വരട്ടുവാദത്തിന്റെ കാലം കഴിഞ്ഞു. വികസനവും കരുതലും നയമാക്കുന്ന, സമാധാനവും സാമൂഹ്യനീതിയും ഉറപ്പാക്കുന്ന യുവാക്കളുടെ ഭാവിയെക്കുറിച്ച് കാഴ്ചപ്പാടുള്ള, യുഡിഎഫില്‍ മാത്രമാണു പ്രതീക്ഷ; ‘തുടരണം ഈ ഭരണം…’

കേരളം ബംഗാളോ ഗുജറാത്തോ സോമാലിയയോ ആവണമെന്ന് ഇന്ത്യയെ സ്‌നേഹിക്കുന്ന ആര്‍ക്കും പറയാനാവില്ല. കാരണം, ഇനി വരുന്ന തലമുറയെക്കൂടി നാം സ്‌നേഹിക്കുന്നു. സദ്ഭരണത്തിന് അംഗീകാരമുദ്ര ചാര്‍ത്തുമ്പോള്‍ യുഡിഎഫ് ഭരണം തുടരുക തന്നെ ചെയ്യും. ഭരണത്തുടര്‍ച്ച ഒരു അനിവാര്യതയാണെന്നു ജനം വിധിയെഴുതുമെന്ന് ഉറപ്പാണ്.

അടയാളപ്പെടുത്തുന്ന നിര്‍മ്മിതികളാല്‍ ശ്രദ്ധിക്കപ്പെടുന്ന, നൂറു ശതമാനം സാക്ഷരത നേടിയ ഒരു സംസ്ഥാനമായി കേരളമിന്നു മാറിക്കഴിഞ്ഞു. 140 നിയോജകമണ്ഡലങ്ങളിലായി 21498 പോളിംഗ് ബൂത്തുകള്‍. എല്ലാം സജ്ജമായിക്കഴിഞ്ഞു.

കടുത്ത മീനച്ചൂടില്‍ കേരളം കത്തിനില്‍ക്കുന്നു. മേടം എത്തുന്നതിനു മുന്‍പേ കേരളം വിധിയെഴുതും; ഇടവപ്പാതിയ്‌ക്കൊപ്പം പുതിയ നായകരുമെത്തും.