വേള്‍ഡ് ഡേ പ്രയര്‍ ഡാലസില്‍ മാര്‍ച്ച് 12 ശനിയാഴ്ച

10:06am 10/3/2316
ഷാജി രാമപുരം
Newsimg1_92012163
ഡാലസ്: കേരള ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ ഡാലസിലെ വിവിധ സഭാവിഭാഗത്തില്‍പ്പെട്ട ഏകദേശം 25 ല്‍ പരം ഇടവകകള്‍ ഒന്നിച്ച് മാര്‍ച്ച് 12 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 1 മണി വരെ അഖില ലോക പ്രാര്‍ത്ഥനാ ദിനം മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാലസ് കരോള്‍ട്ടനില്‍(1400 W Frankford Rd, Carrollton, TX 75007) വെച്ച് ആചരിക്കുന്നു.
ലോകത്തിലെ 170ല്‍ പരം രാജ്യങ്ങളില്‍ എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തില്‍ ആദ്യത്തെ വെള്ളിയാഴ്ച സ്ത്രീകളുടെ നേതൃത്വത്തില്‍ ആചരിക്കപ്പെടുന്ന ഒരു പ്രാര്‍ത്ഥനാ യജ്ഞം ആണ് വേള്‍ഡ് ഡേ പ്രയര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.

ഓരോ വര്‍ഷവും ഓരോ രാജ്യത്തിനുവേണ്ടിയാണ് പ്രാര്‍ത്ഥന നടത്തുന്നത്. ഈ വര്‍ഷം ക്യൂബാ രാജ്യത്തിനുവേണ്ടിയാണ് പ്രാര്‍ത്ഥിക്കുന്നത്. ക്യൂബാ രാജ്യത്തിലെ ക്രിസ്തീയ വിശ്വാസികളായ സ്ത്രീകള്‍ ആണ് ഈ വര്‍ഷത്തെ പ്രാര്‍ത്ഥനാക്രമം തയ്യാറാക്കിയിരിക്കുന്നത്.

ഈ ശിശുവിനെ എന്റെ നാമത്തില്‍ കൈക്കൊള്ളുന്നവന്‍ എന്നെ കൈക്കൊള്ളുന്നു എന്നതാണ് മുഖ്യ ചിന്താവിഷയം. ഈ വിഷയത്തെ അധികരിച്ച് മുന്‍ മുംബൈ നവജ്യോതി സ്‌കൂള്‍ പ്രിന്‍സിപ്പാളും, പ്രമുഖ കോണ്‍ഫ്രെന്‍സ് ലീഡറും, റവ.മാത്യു ശാമുവേലിന്റെ സഹധര്‍മ്മിണിയും ആയ ശ്രീമതി. പ്രീനാ മാത്യു എം.എ.എം.എഡ് മുഖ്യ പ്രഭാഷണം നടത്തുന്നതാണ്.

ഡാലസിലെ ക്യൂബന്‍ കമ്മ്യൂണിറ്റി ചര്‍ച്ചിലെ പാസ്റ്റര്‍ ആയ റേമണ്ട് ലോറന്‍സിയോ മുഖ്യാഥിതിയായി ചടങ്ങില്‍ പങ്കെടുക്കുന്നതാണ്. ക്യൂബരാജ്യത്തിന്റെ സാമൂഹ്യപരവും ചരിത്രപരവുമായ വിഷയങ്ങളെ അടിസ്ഥാനമാക്കി ആരാധന ശുശ്രൂഷയും, സ്ലൈഡ് ഷോയും, സ്‌കിററും, എക്യൂമെനിക്കല്‍ ഗായക സംഘത്തിന്റെ ഗാന ശുശ്രൂഷയും പ്രാര്‍ത്ഥനാ ദിനത്തില്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് ഈ വര്‍ഷത്തെ കണ്‍വീനറും കെ.സി.ഇ.എഫ്. ഡാലസ് മുന്‍ പ്രസിഡന്റ് റവ സാം മാത്യുവിന്റെ സഹധര്‍മ്മിണിയും ആയ ശ്രീമതി ആന്‍സി സാം അഭിപ്രായപ്പെട്ടു.
ഡാലസിലെ എല്ലാ സഭാവിശ്വാസികളെയും ഈ പ്രാര്‍ത്ഥ ദിന ശുശ്രൂഷയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.