വൈദ്യുതി നിയന്ത്രണമില്ലാതെ മൂലമറ്റം പവര്‍ഹൗസ് ഇന്ന് അടയ്ക്കും;

10:40am 9/8/2016
images (1)

ഇടുക്കി: പവര്‍ഹൗസിലേക്കു വെള്ളം എത്തിക്കുന്ന പെന്‍സ്‌ട്രോക്കില്‍ പരിശോധനയും അറ്റകുറ്റപ്പണിയും നടത്തുന്നതിനായി ഇന്നു പവര്‍ഹൗസിലെ ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കും. 130 മെഗാവാട്ട് വീതമുള്ള ആറ് ജനറേറ്ററുകളാണ് ഇവിടെയുള്ളത്. മഴക്കാലമായതിനാല്‍ മറ്റു വൈദ്യുതി നിലയങ്ങളിലെ ഉത്പാദനം കൂട്ടി ഇവിടെ ഉത്പാദനം കുറച്ചിരിക്കുകയായിരുന്നു. ആറു ജനറേറ്ററുകളില്‍ രണെ്ടണ്ണം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

കഴിഞ്ഞ ദിവസം 15.66 ലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണു മൂലമറ്റത്ത് ഉത്പാദിപ്പിച്ചത്. ഇന്നു പവര്‍ഹൗസിലെ ജനറേറ്ററുകള്‍ നിര്‍ത്തി വയ്ക്കുന്നതു മൂലം വൈദ്യുതി ഉത്പാദനത്തിലുള്ള കുറവ് പരിഹരിക്കാന്‍ ആവശ്യമായ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തിനു പുറത്തുനിന്നു കൂടുതല്‍ വൈദ്യുതി എത്തിച്ച് കുറവ് പരിഹരിക്കുന്നതിനാല്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.