വ്യാജ പാസ്‌പോര്‍ട്ടുമായി കണ്ണൂര്‍ സ്വദേശിയായ യുവാവ് പിടിയിലായി

09.47 PM 16-04-2016
Syberg
വ്യാജ പാസ്‌പോര്‍ട്ടുമായി വിദേശത്ത് നിന്നും നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ കണ്ണൂര്‍ സ്വദേശിയായ യുവാവ് എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായി.കണ്ണൂര്‍ ഇരിക്കൂര്‍ വയലംവളപ്പില്‍ മൂസയുടെ മകന്‍ അബ്ദുള്‍ സമദ് (32)ആണ് പിടിയിലായത്.ഒമാനില്‍ നിന്നും
ഒമാന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് ഇയാള്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്.പുറത്തേക്കിറങ്ങുന്നതിനിടെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പാസ്‌പോര്‍ട്ട് പരിശോധിച്ചപ്പോള്‍ സംശയം തോന്നി ചോദ്യം ചെയ്യുകയായിരുന്നു.ആന്ധ്രപ്രദേശ് സ്വദേശി പരശരാമലു എന്നയാളുടെ പേരിലുള്ള പാസ്‌പോര്‍ട്ടില്‍ ഫോട്ടോ മാറ്റിയൊട്ടിച്ചാണ് വ്യാജ പാസ്‌പോര്‍ട്ട് നിര്‍മ്മിച്ചിരുന്നത്.തുടര്‍ന്ന് ഇയാളെ നെടുമ്പാശേരി പൊലീസിന് കൈമാറി. നാല് വര്‍ഷത്തോളമായി ഒമാനില്‍ ഹോട്ടലില്‍ ജോലി ചെയ്ത് വരികയായിരുന്നുവെന്ന്! ഇയാള്‍ പൊലീസിനോട് പറഞ്ഞു.
ഹോട്ടല്‍ ഉടമയായ അറബി നാട്ടിലേക്ക് വരുന്നതിന് പാസ്‌പോര്‍ട്ട് തിരിച്ച് നല്‍കാത്തതിനെ തുടര്‍ന്ന് ഒമാനിലെ ഒരു ട്രാവത്സുമായി ബന്ധപ്പെട്ടാണ് വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചതെന്നും ഇയാള്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.അങ്കമാലി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു.തുടരന്വേഷണം ആലുവ ക്രൈം ഡിറ്റാച്ച്‌മെന്റ് വിഭാഗത്തിന് കൈമാറി.