ശനിയും, ഞായറും രാജ്യത്തെ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും

09:30 am 10/11/2016

Newsimg1_69086436
ന്യൂഡല്‍ഹി: വരുന്ന ശനി ഞായര്‍ ദിവസങ്ങളില്‍ രാജ്യത്തെ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) ആണ് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചത്. പുതിയ നോട്ടുകള്‍ മാറ്റി നല്‍കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും ആര്‍ബിഐ പറഞ്ഞു.

അതിനിടെ പുതിയ പുതിയ 500, 2000 രൂപ നോട്ടുകള്‍ വെള്ളിയാഴ്ച മുതല്‍ എടിഎമ്മുകളില്‍ ലഭ്യമാകും. ധനകാര്യ സെക്രട്ടറി അശോക് ലവാസയാണ് ഇക്കാര്യം അറിയിച്ചത്. കഴിയുന്നത്ര എടിഎമ്മുകള്‍ നാളെ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നും ലവാസ വ്യക്തമാക്കി. രണ്ടു ദിവസം ഇടപാടുകള്‍ നിര്‍ത്തിവെച്ച ശേഷം ബാങ്കുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത് വെള്ളിയാഴ്ചയാണ്. നോട്ടുകള്‍ പിന്‍വലിക്കുന്നതിനോട് അനുബന്ധിച്ചാണ് ബാങ്കുകളുടെയും എടിഎമ്മുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുന്നത്.

നോട്ടുകളുടെ പിന്‍വലിക്കല്‍ കൊണ്ട് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഇത് പരിഹരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ടെന്നും ധനകാര്യ സെക്രട്ടറി പറഞ്ഞു. ഇന്നലെ രാത്രിയാണ് 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവുണ്ടായത്.

ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നു. മന്ത്രിസഭാ യോഗത്തിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി കള്ളപ്പണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്.