09:50am 10/05/2016
മുംബൈ: ശബരിമല ക്ഷേത്രത്തിലെ സ്ത്രീപ്രവേശം എന്ന ആവശ്യവുമായി ഈ മാസാവസാനം കേരളത്തിലത്തെുമെന്നും ശക്തമായി മുന്നോട്ടുപോകുമെന്നും സ്ത്രീകളുടെ തുല്യാവകാശത്തിനായി പോരാടുന്ന ‘ഭൂമാതാ ബ്രിഗേഡ്’ പ്രവര്‍ത്തക തൃപ്തി ദേശായി.സ്ത്രീകള്‍ക്കും ശബരിമല ക്ഷേത്രത്തില്‍ പ്രവേശം അനുവദിക്കണമെന്ന ആവശ്യം ക്ഷേത്രം ട്രസ്റ്റികള്‍ക്കു മുന്നില്‍ സമര്‍പ്പിക്കുമെന്നും ബലപ്രയോഗത്തിനു പകരം ജനാധിപത്യ മാര്‍ഗങ്ങളിലൂടെ അവകാശം നേടിയെടുക്കുമെന്നും ഡി.എന്‍.എ പത്രത്തിന് നല്കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ശനി ഷിംഗ്നാപുര്‍, ത്രയംബകേശ്വര്‍ ക്ഷേത്രങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന കോടതിവിധി നേടിയെടുത്തത് തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഭൂമാതാ ബ്രിഗേഡ് എന്ന സന്നദ്ധ സംഘടനയായിരുന്നു.
ശബരിമലയിലത്തെുന്ന തീയതി തീരുമാനിച്ചിട്ടില്ളെന്നും രണ്ടു ദിവസത്തിനുള്ളില്‍ ക്ഷേത്ര ട്രസ്റ്റിന് കത്തയക്കുമെന്നും ദേശായി അറിയിച്ചു. 1520 പേരടങ്ങുന്ന ഒരു സംഘമായിട്ടായിരിക്കും ഈ മാസം അവസാനം കേരളത്തിലത്തെുക. ട്രസ്റ്റ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലായിരിക്കും മറ്റു പദ്ധതികള്‍ ആവിഷ്കരിക്കുക.ശബരിമല അയ്യപ്പന് ബ്രഹ്മചാരിയായ ദേവനാണെന്നും ആര്‍ത്തവമുള്ള സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന ആചാരത്തിന് ദീര്‍ഘകാലത്തെ പഴക്കമുണ്ടെന്നുമുള്ള ചോദ്യത്തിന് ആര്‍ത്തവമുള്ള ദിവസങ്ങളില്‍ മാത്രം പ്രവേശം നിഷേധിക്കുന്നതിനു പകരം മറ്റു ദിവസങ്ങളില്‍ സ്ത്രീകളെ തടയുന്നതെന്തിനാണെന്ന് അവര്‍ ചോദിച്ചു. ദൈവത്തിന് സ്ത്രീയെന്നും പുരുഷനെന്നും വിവേചനമില്ളെന്നും പൗരോഹിത്യമാണ് ആ വിവേചനം സൃഷ്ടിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടി.