ശരത് കുമാറിനെ നടികര്‍ സംഘത്തില്‍ നിന്ന് പുറത്താക്കി

10:44 am 28/11/2016

images (5)
ചെന്നൈ: നടന്‍ ശരത് കുമാറിനെ താരസംഘടനയായ നടികര്‍ സംഘത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അഴിമതി ആരോപണത്തിന്‍റെ പേരിലാണ് ശരത്കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. നടന്‍ രാധാരവിയെയും സസ്‌പെന്‍ഡ് ചെയ്തു.
ഞായറാഴ്ച ടി നഗറില്‍ ചേര്‍ന്ന നടികര്‍ സംഘത്തിന്‍റെ ജനറല്‍ ബോഡി യോഗത്തിലാണ് താരങ്ങള്‍ക്കെതിരായ അച്ചടക്ക നടപടി തീരുമാനിച്ചത്. നടികര്‍ സംഘം ജനറല്‍ സെക്രട്ടറി വിശാലാണ് തീരുമാനം വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. ജനറല്‍ ബോഡി മീറ്റിംഗില്‍ പാസാക്കിയ പ്രമേയത്തിന്‍റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് വിശാല്‍ പറഞ്ഞു.
സംഘടനയുടെ ഭാരവാഹികളായിരിക്കെ ഫണ്ടില്‍ ക്രമക്കേട് നടത്തിയെന്നാണ് ഇരുവര്‍ക്കുമെതിരായ ആരോപണം. സംഘടനയില്‍ അംഗങ്ങളായ ഭൂരിപക്ഷം താരങ്ങളും ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തു. കാലിന് പരുക്കേറ്റ് വിശ്രമിക്കുന്ന നടന്‍ കമല്‍ഹാസന്‍ സ്‌കൈപ്പിലൂടെ യോഗത്തെ അഭിസംബോധന ചെയ്തു.
അതേസമയം ശരത്കുമാറിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ വിശാലിന്‍റെ ചെന്നൈയിലെ ഓഫീസിന് നേരെ ആക്രമണമുണ്ടായി. നാലംഗ സംഘം വിശാലിന്‍റെ ഓഫീസ് ആക്രമിക്കുകയായിരുന്നു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.