ശശികല തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ എത്തുമെന്ന് റിപ്പോർട്ടുകൾ

6.58 PM 20/12/2016
AIADMK_CM_201216
ജയലളിതയ്ക്ക് പിൻഗാമിയായി ശശികല തമിഴ്നാട് മുഖ്യമന്ത്രി സ്‌ഥാനത്തേക്കും എത്തുമെന്ന് റിപ്പോർട്ടുകൾ. ശശികലയ്ക്കായി മുഖ്യമന്ത്രി സ്‌ഥാനം രാജിവയ്ക്കാൻ ഒ.പനീർശെൽവം തയാറാണെന്നും അമ്മയുടെ പിൻഗാമിയാകാൻ ചിന്നമ്മയ്ക്ക് യോഗ്യതയുണ്ടെന്നുമാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. പാർട്ടി ജനറൽ സെക്രട്ടറി സ്‌ഥാനത്തിന് പുറമേ തമിഴ്നാട് മുഖ്യമന്ത്രി സ്‌ഥാനവും നേടാൻ ശശികല പാർട്ടിയിലെ തന്റെ അനുകൂലികളുടെ സഹായം അഭ്യർഥിച്ചു കഴിഞ്ഞുവെന്നും വാർത്തകളുണ്ട്.

ശശികല മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ട് റവന്യൂമന്ത്രി ആർ.ബി.ഉദയകുമാർ കഴിഞ്ഞ ദിവസം രംഗത്തുവന്നത് ഇതിന്റെ സൂചനകളാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ശശികല മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് വരണമെന്ന് അണ്ണ ഡിഎംകെ യുവജന സംഘടനകളും ആവശ്യമുന്നയിച്ചിരുന്നു.

അതേസമയം ഉടൻ മുഖ്യമന്ത്രി സ്‌ഥാനത്തു വരുന്നത് പ്രതിഷേധം കടുപ്പിക്കുമെന്ന ഭയവും ശശികലയ്ക്കുണ്ട്. ജയലളിത മരിച്ച സാഹചര്യത്തിൽ ആർകെ നഗറിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ജനവിധി തേടി വിജയിച്ചാൽ മുഖ്യമന്ത്രി സ്‌ഥാനം അകലയല്ലെന്നാണ് ശശികല അനുകൂലികളുടെ കണക്കുകൂട്ടൽ. ഇത് പരിഗണിച്ച് ആർകെ നഗറിൽ ശശികലയെ മത്സരിപ്പിക്കാനും പദ്ധതിയുണ്ട്. എന്തായാലും തമിഴ്നാട് മുഖ്യമന്ത്രി സ്‌ഥാനം കൂടി ലഭിച്ചാൽ ജയലളിതയുടെ യഥാർഥ പിൻഗാമിയാകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ശശികല.