ശാസ്ത്രിയെ തള്ളി സച്ചിന്‍: കുംബ്ലെക്ക് കളി ജയിപ്പിക്കാനറിയാമെന്ന് ക്രിക്കറ്റ് ഇതിഹാസം

01:17pm 13/7/2016
download (1)

മുംബൈ: ടീം ഇന്ത്യയുടെ കോച്ചിനെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് വിവാദത്തില്‍ പ്രതികരണവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ രംഗത്ത്. ഇതാദ്യമായാണ് കോച്ച് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദത്തില്‍ സച്ചിന്‍പ്രതികരിക്കുന്നത്.

കളി ജയിപ്പിക്കാനറിയാവുന്നതു കൊണ്ടാണ് കുംബ്ലയെ ഇന്ത്യന്‍ ടീമിന്റെ കോച്ചായി തെരഞ്ഞെടുത്തതെന്നു പറഞ്ഞ സച്ചിന്‍, ശാസ്ത്രി ഉന്നയിച്ച വിമര്‍ശനങ്ങളെക്കുറിച്ച് മൗനം പാലിച്ചു. മികച്ച കളിക്കാരനാണ് കുംബ്ലെ, ഒരു ബോളര്‍ക്ക് എങ്ങനെ മാച്ച് വിന്നറാകാമെന്ന് ക്രിക്കറ്റ് ലോകത്തിനു കാട്ടിത്തന്ന അദ്ദേഹത്തിനു കോച്ചെന്ന നിലയില്‍ ഇന്ത്യന്‍ ക്രക്കറ്റിനു നേട്ടങ്ങളുണ്ടാക്കിത്തരാന്‍ സാധിക്കുമെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം രവി ശാസ്ത്രിയും ഇന്ത്യന്‍ ക്രിക്കറ്റിന് നല്ല നിമിഷങ്ങള്‍ സമ്മാനിച്ച വ്യക്തിയാണന്നും സച്ചിന്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ സംഭാവനകളെ മറക്കാനാവില്ലെന്നും സച്ചിന്‍ പറഞ്ഞു.

സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവ് ചേര്‍ന്ന ക്രിക്കറ്റ് ഉപദേശക സമിതി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് ബിസിസിഐ ഇന്ത്യന്‍ കോച്ചിനെ തെരഞ്ഞെടുത്തത്. കോച്ച് തെരഞ്ഞെടുപ്പില്‍ ഗാംഗുലി പങ്കെടുത്തില്ല എന്നതടക്കമുള്ള ആരോപണങ്ങളുമായി രവി ശാസ്ത്രി രംഗത്തെത്തിയിരുന്നു. ഇതിനു മറുപടിയുമായി ദാദ തന്നെ രംഗത്തെത്തിയതോടെ വിവാദം കൊഴുക്കുകയും ചെയ്തു.