ശ്രീനഗര്‍ എന്‍.ഐ.ടി ക്യാമ്പസില്‍ സംഘര്‍ഷം

08:42am 6/3/2016
images (2)

ശ്രീനഗര്‍: ജമ്മു കശ്മീര്‍ തലസ്ഥാനമായ ശ്രീനഗറിലെ എന്‍.ഐ.ടി ക്യാമ്പസില്‍ സംഘര്‍ഷം. പൊലീസും അര്‍ധസൈനികരും നടത്തിയ ലാത്തിച്ചാര്‍ജില്‍ കശ്മീരികളല്ലാത്ത നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് രണ്ട് കമ്പനി സി.ആര്‍.പി.എഫ് ജവാന്മാരെ വിന്യസിച്ചതായി ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് പറഞ്ഞു.

പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കശ്മീരികളല്ലാത്ത മൂന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിന് മുമ്പില്‍ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 400ഓളം വരുന്ന വിദ്യാര്‍ഥികളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. പരാതിയില്‍ പരിഹാരം കാണാമെന്ന് ഡയറക്ടര്‍ ഉറപ്പു നല്‍കിയെങ്കിലും പിരിഞ്ഞു പോകാന്‍ വിദ്യാര്‍ഥികള്‍ തയാറായില്ല. ഇതിനിടെ ഒരു സംഘം വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.

പ്രകടനം പൊലീസ് തടഞ്ഞതോടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഇതിനിടെ സ്ഥലത്തുണ്ടായിരുന ഡി.എസ്.പിയെ വിദ്യാര്‍ഥികള്‍ കൈയ്യേറ്റം ചെയ്യുകയും കല്ലെറിയുകയും ചെയ്തു. സംഘര്‍ഷം നിയന്ത്രണം വിട്ടതോടെ വിദ്യാര്‍ഥികളെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. ക്യാമ്പസിന്റെ പുറത്തേക്ക് സംഘര്‍ഷം വ്യാപിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.